കരുനാഗപ്പള്ളിയിലെ തഴത്തോടുകൾ നാശത്തിന്റെ വക്കിൽ

Thursday 05 March 2026 12:06 AM IST
നാശോന്മുഖമായ രണ്ടാം തഴത്തോട്.

കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിലുള്ള മൂന്ന് പ്രധാന തഴത്തോടുകളും അവയുടെ കൈവഴികളായ ചാലുകളും നാശോന്മുഖമാകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കരുനാഗപ്പള്ളിയുടെ കാർഷിക സംസ്കൃതിയുടെയും ജലസ്രോതസുകളുടെയും നട്ടെല്ലായിരുന്ന ഈ തോടുകൾ സംരക്ഷിക്കാൻ നഗരസഭ അടിയന്തര കർമ്മപദ്ധതി ആവിഷ്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 കൃഷിനാശവും കൈയേറ്റവും

പ്രദേശത്തെ നെൽകൃഷി അന്യംനിന്നതോടെയാണ് തഴത്തോടുകളുടെ തകർച്ച ആരംഭിച്ചത്. ഒരുകാലത്ത് വിസ്തൃതമായിരുന്ന ചാലുകൾ ഇന്ന് ശോഷിച്ച് ഇല്ലാതായിരിക്കുകയാണ്. നിരന്തരമായ കൈയേറ്റങ്ങളാണ് തോടുകളുടെ വീതി കുറയാൻ പ്രധാന കാരണമായത്. മുൻകാലങ്ങളിൽ മീൻവളർത്തലിന്റെ കേന്ദ്രങ്ങളായിരുന്ന ഈ ചാലുകൾ ലേലം ചെയ്യുന്നത് വഴി പഞ്ചായത്തിന് വലിയ വരുമാനവും ലഭിച്ചിരുന്നു.

 മാലിന്യം നിറഞ്ഞ് നീരൊഴുക്ക് തടസപ്പെടുന്നു

കരുനാഗപ്പള്ളി നഗരസഭയിലെ മൂന്ന് തഴത്തോടുകളും ഒടുവിൽ വട്ടക്കായലിലാണ് പതിക്കുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇവ പൂർണമായി വൃത്തിയാക്കിയിട്ടില്ല. നിലവിൽ തോടുകൾ ചെളിയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. വേനൽ കടുത്തതോടെ തോടുകളിലെ വെള്ളം വറ്റിത്തുടങ്ങിയതിനാൽ, മഴക്കാലത്തിന് മുൻപ് ഇവ വൃത്തിയാക്കാൻ അനുയോജ്യമായ സമയമാണിതെന്ന് നാട്ടുകാർ പറയുന്നു.

 വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കണം

കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നാം തഴത്തോടിന്റെ ഒരു ഭാഗം വൃത്തിയാക്കിയതിനാൽ സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാൻ സാധിച്ചിരുന്നു. ഇതേ മാതൃകയിൽ മറ്റ് തഴത്തോടുകളും മാലിന്യമുക്തമാക്കി ആഴം കൂട്ടിയാൽ കാലവർഷത്തിലെ വെള്ളക്കെട്ടിൽ നിന്നും താഴ്ന്ന പ്രദേശങ്ങളെ സംരക്ഷിക്കാനാകും.

 ഹിറ്റാച്ചി പോലുള്ള ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് തോടുകളിലെ ചെളി നീക്കം ചെയ്യണം. വശങ്ങളിൽ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുകയും വേണം. ഇത് കൈയേറ്റങ്ങൾ തടയാൻ സഹായിക്കും. ജനപ്രതിനിധികളുടെ സജീവ ഇടപെടലിലൂടെ നഗരസഭ ഇതിനാവശ്യമായ തുക വകയിരുത്തി പദ്ധതി നടപ്പാക്കണം.

പ്രദേശവാസികൾ