പത്ത് രൂപയ്ക്ക് പ്രഭാതഭക്ഷണം,​ 50 രൂപയുണ്ടെങ്കിൽ മൂന്നുനേരം സുഭിക്ഷമായ ഭക്ഷണം നഗരവാസികൾക്ക് ലഭിക്കും

Thursday 05 March 2026 12:37 AM IST

ഇന്ദിരാ കാന്റീൻ റെഡിയാകുന്നു • ആദ്യ ഒ‌ൗട്ട്ല‌െറ്റ് ഇടപ്പള്ളി​യി​ൽ

കൊച്ചി: പത്തുരൂപയ്ക്ക് മൂന്ന് ഇഡലിയും സാമ്പാറും ചമ്മന്തിയും പ്രഭാതഭക്ഷണം. മൂന്ന് ചപ്പാത്തിയും വെജിറ്റബിൾ കറിയും അത്താഴത്തിന്. ഉച്ചയ്ക്ക് 30 രൂപയ്ക്ക് ആവോളം കഞ്ഞിയും പയറും. കൊച്ചി കോർപ്പറേഷന്റെ പുതിയ ഭരണസമിതി പ്രഖ്യാപിച്ച ഇന്ദിരാ കാന്റീൻ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. ആദ്യ കാന്റീന്റെ നിർമ്മാണം ഇടപ്പള്ളി അഞ്ചുമനയിലെ കൊച്ചി കോർപ്പറേഷൻ സോണൽ ഓഫീസ് വളപ്പിൽ അവസാനഘട്ടത്തിലാണ്. അടുത്ത ആഴ്ചതന്നെ ഉദ്ഘാടനം പ്രതീക്ഷിക്കാം. പിന്നാലെ ഫോർട്ടുകൊച്ചിയിലും പള്ളുരുത്തിയിലും തുറക്കും.

പത്തുരൂപ ഉ‌ൗണുമായി കഴിഞ്ഞ ഇടതു കോർപ്പറേഷൻ ഭരണസമിതി എറണാകുളം നോർത്തിൽ ആരംഭിച്ച് പ്രശസ്തമായ സമൃദ്ധി കിച്ചന്റെ ഭാഗം തന്നെയാണ് ഇന്ദിരാകാന്റീൻ. സർക്കാർ സബ്സിഡി നിറുത്തിയപ്പോൾ പത്ത് രൂപ ഉ‌ൗണിന് 20 രൂപയായെങ്കിലും ജനപ്രീതിക്ക് കുറവുണ്ടായില്ല. പത്തുരൂപ പ്രാതലും അത്താഴവും ജനപ്രിയമാകുമെന്ന് ഉറപ്പാണ്. മാമംഗലം അഞ്ചുമന റോഡിലെ വിശാലമായ മേഖലാ ഓഫീസിൽ പാർക്കിംഗിനും സൗകര്യമുണ്ട്. ഇവിടെ കാന്റീനിൽ ചായയും സ്നാക്സും ഉൾപ്പടെ മറ്റ് വിഭവങ്ങളും ലഭ്യമാക്കാൻ ആലോചനയുണ്ട്. ആർക്കും ഭക്ഷണം ലഭി​ക്കും.

ഇന്ദിരാ കാന്റീനിലെ വിഭവങ്ങളെല്ലാം പരമാര റോഡിലെ സമൃദ്ധി കിച്ചനിൽത്തന്നെ പാചകംചെയ്ത് എത്തിക്കും. നിലവിൽ സമൃദ്ധിയുടെ മറ്റ് ഒ‌ൗട്ട്ലെറ്റുകളിലും ഇതേ രീതിതന്നെയാണ് അവലംബിക്കുന്നത്. സമൃദ്ധി​യി​ലെ പ്പോപോ കുടുംബശ്രീക്ക് തന്നെയാണ് ഇന്ദി​രാ കാന്റീന്റെയും നടത്തി​പ്പ് ചുമതല.

ഭക്ഷണം കുശാൽ

• പ്രാതൽ: 3 ഇഡലി​, ചട്ണി​​ : 10 രൂപ

• ഉച്ചക്കഞ്ഞി​ : കഞ്ഞി​യും പയറും: 30 രൂപ

• അത്താഴം : മൂന്ന് ചപ്പാത്തി​, വെജി​റ്റബി​ൾകറി​: 10 രൂപ