തവനൂരിൽ ജലീൽ മത്സരിച്ചേക്കും

Thursday 05 March 2026 12:48 AM IST

മലപ്പുറം: തവനൂർ സിറ്റിംഗ് എം.എൽ.എ കെ.ടി. ജലീൽ വീണ്ടും മത്സരിച്ചേക്കും. ജലീൽ മത്സരിച്ചാൽ മണ്ഡലം നിലനിറുത്താനാവുമെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയം ഉൾപ്പെടെ വിശദ ചർച്ചകൾ നടക്കും. എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനുവിന്റെ പേരായിരുന്നു ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിരുന്നത്. കെ.ടി. ജലീലിന്റെ പേര് കൂടി ഉൾപ്പെടുത്താൻ സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. യു.ഡി.എഫിലെ വോട്ട് ചോർത്താനുള്ള ശേഷിയും മുസ്‌ലിം മതസംഘടന നേതൃത്വങ്ങളുമായുള്ള ബന്ധവും ജലീലിലേക്ക് വീണ്ടും അടുപ്പിക്കുന്ന ഘടകങ്ങളാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയേക്കുമെന്ന വിലയിരുത്തലിൽ തിരക്കിട്ട സ്ഥാനാർത്ഥി പ്രഖ്യാപനം വേണ്ടെന്നാണ് ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. വിശദമായ തുടർചർച്ചകൾക്ക് ശേഷമാവും തവനൂരിൽ ഉൾപ്പെടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുക. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന തരത്തിലേക്ക് കെ.ടി. ജലീൽ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ മത്സരിക്കാൻ ഇല്ലെന്നായിരുന്നു നേരത്തെ ജലീൽ ആവർത്തിച്ച് വ്യക്തമാക്കിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ തവനൂരിൽ 9,440 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. തവനൂർ നിയമസഭാ പരിധിയിലെ തവനൂർ, കാലടി, വട്ടംകുളം, എടപ്പാൾ, മംഗലം, തൃപ്പങ്ങോട്, പുറത്തൂർ പഞ്ചായത്തുകളെല്ലാം യു.ഡി.എഫ് നേടിയിട്ടുണ്ട്. ഇത്തവണ മത്സരം കനക്കുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് ഇടതനൂകൂല തരംഗമുണ്ടായ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഫിറോസ് കുന്നുംപറമ്പിലിനെതിരെ 2,564 വോട്ടിനാണ് കെ.ടി. ജലീലിന്റെ വിജയിച്ചത്. 2016ലെ 17,064 വോട്ടെന്ന വൻഭൂരിപക്ഷത്തിൽ നിന്നാണ് ഈ വീഴ്ച.

ഇത്തവണ കൂടി മത്സരിച്ചാൽ തവനൂരിലെ ജലീലിന്റെ നാലാം അങ്കമാവും. 2006ൽ കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ 8,781 വോട്ടിന് മലർത്തിയടിച്ചാണ് നിയമസഭയിലേക്കുള്ള ജലീലിന്റെ കന്നിവിജയം. തുടർച്ചയായി മൂന്ന് തവണ കാൽലക്ഷത്തോളം വോട്ടിന് കുഞ്ഞാലിക്കുട്ടി വിജയിച്ച മണ്ഡലമായിരുന്നു കുറ്റിപ്പുറം. പിന്നാലെ മണ്ഡല പുനർനിർണ്ണയതോടെ കുറ്റിപ്പുറം ഇല്ലാതായി തവനൂർ വന്നു.

ഇടതിന്റെ മലപ്പുറം സുൽത്താൻ

മുസ്‌ലിം ലീഗ് പ്രതിനിധിയായി കുറ്റിപ്പുറത്ത് നിന്ന് ജില്ലാ പഞ്ചായത്ത് കൗൺസിലിലേക്ക് മത്സരിച്ചാണ് കെ.ടി. ജലീലിന്റെ ആദ്യ വിജയം. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി. പാർട്ടിയിൽ പല പദവികൾ വഹിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ഉയർന്നു. ഗുജറാത്ത് ഫണ്ട്, സുനാമി ഫണ്ട് എന്നിവയിൽ വെട്ടിപ്പ് നടത്തിയെന്ന ആരോപണം ഉന്നയിച്ചതോടെ പാർട്ടിക്ക് പുറത്തായി. സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതിന് പുറത്താക്കിയെന്ന പ്രചാരണത്തോടെ ജലീലിന് ലീഗ് പ്രവർത്തകർക്കിടയിൽ പോലും വീരപരിവേഷം ലഭിച്ചു. തൊട്ടുപിന്നാലെ ഐസ്‌ക്രീം പാർലർ കേസിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പേര് ഉയർന്നത് ലീഗിൽ കെട്ടടങ്ങാത്ത ചർച്ചയായി നിൽക്കുന്ന കാലം. തൊട്ടുപിന്നാലെ വന്ന 2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്തെ ഗോദയിൽ ജലീൽ മലർത്തിയടിച്ചു. തോൽവി എന്തെന്ന് അറിയാത്ത കുഞ്ഞാലിക്കുട്ടിയെ പച്ചക്കോട്ടയിൽ തളച്ചതോടെ ഇടതുപക്ഷ പ്രവർത്തകർക്കിടയിൽ ജലീൽ മലപ്പുറം സുൽത്താനായി. അഴിമതികൾക്കെതിരെ, സ്വജനപക്ഷപാതത്തിനെതിരെ, തിരിമറികൾക്കെതിരെ ശക്തമായ നിലപാടുകളെടുത്ത ജലീലിനെ ഈ ആരോപണങ്ങൾ തന്നെ തിരിഞ്ഞുകൊത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

2016ലെ ഹാട്രിക് വിജയത്തോടെ പിണറായി സർക്കാരിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി. രണ്ടര വർഷത്തിന് ശേഷം ഉന്നതവിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്ന തന്റെ പിതൃസഹോദര പുത്രനെ ചട്ടങ്ങൾ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജറാക്കി. മന്ത്രിയായി തുടരാൻ ജലീലിന് അർഹതയില്ലെന്ന ലോകായുക്തയുടെ ഉത്തരവോടെ രാജിവയ്‌ക്കേണ്ടിവന്നു.

2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് ചിത്രമിങ്ങനെ

മുന്നണി................................................വോട്ട്

യു.ഡി.എഫ് ...................................... 73,016

എൽ.ഡി.എഫ്.................................... 63,526

യു.ഡി.എഫ് ഭൂരിപക്ഷം.................. 9,490

2021ലെ നിയമസഭ തിരഞ്ഞെടുപ്പ്

മുന്നണി.......................................... വോട്ട്

യു.ഡ‌ി.എഫ്................................... 69,358

എൽ.ഡി.എഫ്................................ 67,794

എൽ.ഡി.എഫ് ഭൂരിപക്ഷം........... 2,564