അഴിമതിക്കാർക്ക് വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാകും,​ ഉദ്യോഗസ്ഥർ ജനസേവകരാണെന്ന കാര്യം മറക്കരുത്: മുഖ്യമന്ത്രി

Sunday 20 October 2019 3:55 PM IST

കണ്ണൂർ: അഴിമതി കാട്ടിയാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതിക്കാർ സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിൽ പോയി കിടക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥർ ജനസേവകാരാണെന്ന കാര്യം മറന്ന് പോകരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. മട്ടന്നൂർ മുനിസിപ്പാലിറ്റി ഗവ.സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാർ അല്ലാതെ ഉദ്യോഗസ്ഥരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. "രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയാണ് കേരളത്തിനുള്ളത്‌. അതിനർത്ഥം അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളിൽ അത്തരത്തിലുള്ള ദുശീലമുണ്ട്. ഉയർന്ന തലങ്ങളിലും ഭരണതലത്തിലും ഭരണനേതൃതലത്തിലും അഴിമതിയുടെ ലാഞ്ചനയേ ഇല്ല. അഴിമതി കാട്ടിയാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാകും"-മുഖ്യമന്ത്രി പറഞ്ഞു.

സ്വൈര്യമായി ജീവിക്കുക എന്നതാണ് പ്രധാനമെന്നും, ന്യായമായ ശമ്പളം എല്ലാവർക്കും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓഫീസുകളിൽ വരുന്ന ആളുകളുടെ ആവശ്യം പെട്ടെന്ന് നടക്കണമെന്ന ആഗ്രഹത്തെ ചൂഷണം ചെയ്യാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതുകൊണ്ടാണ് അഴിമതി വ്യാപിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.