തദ്ദേശ ഭരണസമിതി തിരഞ്ഞെടുപ്പിൽ കമ്മിഷന് ഇടപെടാനാകില്ല
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടപെടാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുന്നതോടെ കമ്മിഷന്റെ അധികാരം പരിമിതപ്പെടും.
പത്തനംതിട്ട കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി റദ്ദാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലടക്കം തർക്കങ്ങളുണ്ടായാൽ സിവിൽ കോടതിയിലാണ് ഉന്നയിക്കേണ്ടതെന്ന്.വൈസ് പ്രസിഡന്റായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തിരുന്ന ബി.ജെ.പി അംഗം കെ.കെ. ഹരികുമാറിന്റെ ഹർജി അനുവദിച്ചാണ് ഉത്തരവ്. യുഡി.എഫ് അംഗവുമായി തുല്യത പാലിച്ചതിനെ തുടർന്നുള്ള നറുക്കെടുപ്പിൽ ഹർജിക്കാരൻ വിജയിച്ചതായി വരണാധികാരി പ്രഖ്യാപിക്കുകയും സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്തു. നടപടിക്രമങ്ങളിൽ വീഴ്ചപ റ്റിയെന്ന് വരണാധികാരി പിന്നീട് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയത്. ഇത് അധികാര
പരിധി മറികടന്നുള്ള നടപടിയാണെന്ന് ഹൈക്കോടതി വിലയിരുത്തി. തർക്കമുണ്ടെങ്കിൽ അത് ബന്ധപ്പെട്ട കോടതിയിൽ ഉന്നയിക്കാം. അതിൽ തീർപ്പാകും വരെ തൽസ്ഥാനത്ത് ഹർജിക്കാരന് തുടരാമെന്നും ഉത്തരവിൽ പറഞ്ഞു..