മുഖ്യമന്ത്രിയും പ്രതിപക്ഷവും മലയാളികളെ കൈയൊഴിഞ്ഞു: രാജീവ് ചന്ദ്രശേഖർ

Thursday 05 March 2026 2:17 AM IST

തിരുവനന്തപുരം: പ്രീണന രാഷ്ട്രീയത്തിന്റെ പേരിൽ ജി.സി.സി രാജ്യങ്ങളിലെ മലയാളികളെ മുഖ്യമന്ത്രിയും പ്രതിപക്ഷവും കൈയൊഴിഞ്ഞുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങൾ സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിക്കുന്നത്. ഇതു അവഗണിച്ചുകൊണ്ടാണ് ഇറാൻ അനൂകൂല പ്രതികരണങ്ങൾ കേരളത്തിൽ നടക്കുന്നത്. വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതുവലതു മുന്നണികൾ പിന്തുണ പ്രഖ്യാപിക്കുന്നത്. ഇത്തരം നീക്കങ്ങൾ മതതീവ്രവാദത്തിന് വളമിടുന്ന നടപടിയാണെന്നും കുറ്റപ്പെടുത്തി.

ഏതു രാജ്യത്താണെങ്കിലും ഇന്ത്യക്കാരെ സംരക്ഷിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും നിലപാട്. സി.പി.എമ്മും കോൺഗ്രസും ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് മേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുവാൻ ഇതുവരെ തയാറായിട്ടില്ല. പ്രവാസികളായ മലയാളികൾക്കൊപ്പമാണ് കേരളത്തിലെ ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു. ഗാസയെപ്പറ്റിയും ഇറാനെപറ്റിയും വേവലാതിപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര‌യും സിറിയയിലും നൈജീരിയയിലും കൊല്ലപ്പെടുന്ന ക്രൈസ്തവരെക്കുറിച്ച് മിണ്ടുന്നില്ല. ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രതികരിക്കാൻ രാഷ്ട്രീയ നേതാക്കൾക്ക് ഭയമാണെന്നും അദേഹം പറഞ്ഞു.