'മന്ത്രി ശിവൻകുട്ടി തന്നെ സമ്മതിച്ചു, എന്നിട്ടും എന്തേ?'; കുറിപ്പുമായി ഡെപ്യൂട്ടി മേയർ ആശാനാഥ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആശാനാഥിന്റെ പ്രതികരണം. മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടടക്കം ഡെപ്യൂട്ടി മേയർ പങ്കുവച്ചിട്ടുണ്ട്.
'ആറ്റുകാൽ പൊങ്കാല വൻ വിജയമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിച്ചു. എന്നിട്ടും എന്തേ ചില സോഷ്യൽ മീഡിയ സഹോദരങ്ങൾക്ക് അത് മനസിലാവാത്തത് കൊണ്ടാണോ എന്തോ'- എന്നാണ് ആശ കുറിച്ചത്.
അതേസമയം, ആറ്റുകാൽ പൊങ്കാലയ്ക്കിടെ പുറത്തുവന്ന അനധികൃത പാർക്കിംഗ് കൊള്ള നഗരത്തിൽ വ്യാപകമാണെന്ന് കോർപ്പറേഷന്റെ കണ്ടെത്തൽ. ഗാന്ധിപാർക്കിൽ നിലവിൽ നടക്കുന്ന പിരിവ് അനധികൃതമാണെന്നും നിലവിൽ പിരിക്കുന്ന കരാറുകാരന് അതിനുള്ള അധികാരമില്ലെന്നും മേയർ വി വി രാജേഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ബസുകളിൽ നിന്ന് 750 രൂപ ഗാന്ധിപാർക്കിൽ ഫീസ് വാങ്ങിയെന്ന് രസീത് സഹിതം മേയർ വ്യക്തമാക്കി. ഐരാണിമുട്ടത്തും എസ്.എം.വി സ്കൂൾ വളപ്പിലും മേയർ നേരിട്ടെത്തി നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് കൂടുതൽ പരാതികൾ ലഭിച്ചത്. ഈഞ്ചയ്ക്കൽ പ്രദേശത്തും സമാനമായ പ്രശ്നമുണ്ടെന്ന് ഡെപ്യൂട്ടി മേയർ ആശാനാഥിന് ഫോണിലൂടെ പരാതി ലഭിച്ചു. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതിന്റെ നടത്തിപ്പുകാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും മേയർ പറഞ്ഞു.