സംസ്ഥാന പ്രിസൺസ് മീറ്റ് ഇന്ന് മുതൽ
തൃശൂർ: സംസ്ഥാന പ്രിസൺസ് മീറ്റ് ഇന്ന് മുതൽ എട്ട് വരെ തൃശൂരിലെ വിവിധ മൈതാനങ്ങളിലായി നടക്കും. നാളെ രാവിലെ ഒമ്പതിന് ജയിൽ ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ മീറ്റ് ഉദ്ഘാടനം ചെയ്യും. ജയിൽ ഡി.ഐ.ജി ടി.ആർ.രാജീവ് അദ്ധ്യക്ഷനാകും. ഇന്ത്യൻ ഫട്ബോ ൾ ടീം മുൻ ക്യാപ്ടൻ ഐ.എം.വിജയൻ മുഖ്യാതിഥിയാകും.
തൃശൂരിലെ എൻജിനിയറിംഗ് കോളേജ് മൈതാനം, വിയ്യൂർ സിക്ക ഹാൾ, വിമല കോളേജ് മൈതാനം, കേരള പൊലീസ് അക്കാഡമി ഇൻഡോർ കോർട്ട്, വി.കെ.എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയം, വിയ്യൂർ ഫ്രീഡം പാർക്ക് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വിയ്യൂർ സിക്ക ഹാളിൽ ക്വിസ്, രചനാ മത്സരങ്ങൾ, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, കാരംസ്, ചെസ് എന്നിവ നടക്കും. നാളെ രാവിലെ ഏഴ് മുതൽ തൃശൂർ എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിൽ അത്‌ലറ്റിക്‌സ് മത്സരങ്ങളും ഉച്ചയ്ക്ക് ഒന്നിന് വിമല കോളേജ് ഇൻഡോർ കോർട്ടിൽ കരാട്ടെയും ഉച്ചയ്ക്ക് ശേഷം മൂന്നിന് പൊലീസ് അക്കാഡമി ഇൻഡോർ കോർട്ടിൽ ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങളും നടക്കും.