കിവിയെ കിവിയെ
ട്വന്റി-20 ലോകകപ്പ്: ന്യൂസിലാൻഡ് ഫൈനലിൽ
സെമിയിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി
ഫിൻ അലന് അതിവേഗ സെഞ്ച്വറി
കൊൽക്കത്ത: സെഞ്ച്വറിയുമായി നിറഞ്ഞാടിയ ഓപ്പണർ ഫിൻ അലന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ ട്വന്റി-20 ലോകകപ്പ് സെമിയിൽ, ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് കീഴടക്കി ന്യൂസിലാൻഡ് ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത നിലവിലെ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്ക 20 ഓവറിൽ നേടിയത് 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ്. മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് വെറും 12.5 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (173/1). കഴിഞ്ഞ തവണ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ന്യൂസിലാൻഡിന്റെ ട്വന്റി-20 ലോകകപ്പിലെ മികച്ച തിരിച്ചുവരവ് കൂടിയായി ഇത്. മറുവശത്ത് ഐ.സി.സി ടൂർണമെന്റിൽ ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്ക സെമിയിൽ ഇടറിവീണു. തുടക്കം മുതൽ അടിച്ചു തകർത്ത ഫിൻ അലൻ 33 പന്തിൽ സെഞ്ച്വറി നേടി ചേസിംഗിൽ കിവികളുടെ മുന്നണിപ്പോരാളിയായി. ട്വന്റി-20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. 10 ഫോറും 8 സിക്സും ഉൾപ്പെട്ടതാണ് അലന്റെ ഇന്നിംഗ്സ്. അലനാണ് കളിയിലെ താരം. മറ്റൊരു ഓപ്പണർ ടിം സെയ്ഫട്ട് (33 പന്തിൽ 58) അർദ്ധ സെഞ്ച്വറി നേടി അലന് മികച്ച പിന്തുണ നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും 55 പന്തിൽ 117 റൺസ് അടിച്ചു കൂട്ടി.പവർപ്ലേയിൽ തന്നെ 84 റൺസ് നേടിയ ന്യൂസിലാൻഡ് 7.5 ഓവറിൽ 100 കടന്നു. സെയ്ഫർട്ടിനെ റബാഡ പുറത്താക്കിയതിന് ശേഷം എത്തിയ രചിൻ രവീന്ദ്ര (പുറത്താകാതെ 11 പന്തിൽ 13) അലന് നല്ല പിന്തുണ നൽകി. അവസാന പന്തിൽ ഫോറടിച്ചാണ് അലൻ സെഞ്ച്വറി തികച്ചത്. മാർകോ ജാൻസൺ എറിഞ്ഞ 13-ാം ഓവറിലെ അഞ്ച് പന്തിൽ 3 ഫോറും 2 സിക്സും നേടിയാണ് അലൻ ന്യൂസിലാൻഡിന്റെ സെമി വിജയവും തന്റെ സെഞ്ച്വറിയും ഉറപ്പിച്ചത്. കൈവിട്ട ക്യാച്ചുകൾ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ മാർക്കോ ജാൻസൺന്റെയും (55),ട്രിസ്റ്രൺ സ്റ്റബ്സിന്റെയും (29),ഡെവാൾഡ് ബ്രെവിസിന്റെയും (34) ഇന്നിംഗ്സുകളാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഒരുഘട്ടത്തിൽ 77/5 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ ജാൻസണും സ്റ്റബ്സുമാണ് 150ൽ എത്തിച്ചത്. കോൾ മക്കൻചിയ്ക്ക് തുടക്കത്തിലെ പന്ത് നൽകിയ ന്യൂസിലാൻഡ് ക്യാപ്ടൻ സാന്റ്നറുടെ നീക്കം ഫലിച്ചു. രണ്ടാം ഓവറിൽ തന്നെ മക്കൻചി ഡി കോക്കിനേയും (10), റിക്കൽറ്റണെയും (0) അടുപ്പിച്ച് പുറത്താക്കി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി. ഹെൻറിയും രചിനും രണ്ട് വിക്കറ്റ് വീഴ്ത്തി.
അലൻ അരെ വാഹ്!
2 -ന്യൂസിലാൻഡ് രണ്ടാം തവണയാണ് ട്വന്റി-20 ലോകകപ്പ് ഫൈനലിൽ എത്തുന്നത്.
33 - പന്തിലാണ് ഫിൻ അലൻ സെഞ്ച്വറി തികച്ചത്. ട്വന്റി-20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. ട്വന്റി-20യിൽ ഒരു ഫുൾമെമ്പർ ടീമിനെതിരെ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയും ഇതു തന്നെ.
7- ട്വന്റി-20യിൽ തുടർച്ചയായി 7 ജയം നേടിയ ശേഷമാണ് ദക്ഷിണാഫ്രിക്ക തോൽക്കുന്നത്. ഈ ലോകകപ്പിലെ അവരുടെ ആദ്യ തോൽവി.ഗ്രൂപ്പ് ഘട്ടത്തിൽ അവർ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു.
വനിതാ ഏഷ്യൻ കപ്പ്: ഇന്ത്യ പൊരുതി തോറ്റു
പെർത്ത്: എ.എഫ്.സി വനിതാ ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഇന്ത്യ ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിൽ വിയറ്റ്നാമിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പൊരുതി തോറ്റു. ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ ഗാൻ തി വാൻ സുവാണ് വിയറ്റ്നാമിന്റെ വിജയശില്പി. സൻഫിദ നൊൻഗ്രും ആണ് ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെ രണ്ടാം പകുതിയുടെ അധിക സമയത്ത് (90 +4) വാൻ സു ഇന്ത്യ ഞെട്ടിച്ച് സ്കോർ ചെയ്യുകയായിരുന്നു.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജപ്പാൻ 2-0ത്തിന് ചൈനീസ് തായിപേയിയെ കീഴടക്കി.