യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ ഒഴിപ്പിച്ച് ഖത്തർ; കുവെെത്ത് തീരത്ത് സ്‌ഫോടനം
ദോഹ: ഇറാനിൽ യുഎസും ഇസ്രയേലും ആക്രമണം കടുപ്പിക്കുന്നതിനിടെ ദോഹയിലെ യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ ഖത്തർ ഒഴിപ്പിക്കുന്നു. താൽക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമായാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഒഴിപ്പിക്കുന്നവർക്ക് താമസ സൗകര്യം ഒരുക്കും. കുവെെത്ത് തീരത്ത് സ്‌ഫോടനം ഉണ്ടായതായും റിപ്പോർട്ടുണ്ട്.
അതേസമയം, കൂടുതൽ മിസെെലുകൾ തകർത്തെന്ന് സൗദി അറേബ്യ അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം മാൾട്ട പതാക വഹിക്കുന്ന സഫീൻ പ്രെസ്റ്റീജ് എന്ന ചരക്കു കപ്പലിന് നേരെ ഇന്നലെ മിസൈലാക്രമണമുണ്ടായി. ഒമാന് വടക്ക് 2 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. കപ്പലിൽ തീപിടിത്തമുണ്ടായി. 24 ജീവനക്കാരെയും ഒമാൻ രക്ഷപ്പെടുത്തി. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഘർഷ പശ്ചാത്തലത്തിൽ കുവൈറ്റ് എല്ലാ എൻട്രി, വിസിറ്റിംഗ് വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടി. ഫെബ്രുവരി 28നോ അതിന് ശേഷമോ കാലാവധി അവസാനിക്കുന്ന വിസകൾക്കാണ് ബാധകം. താമസ പെർമിറ്റുള്ള പ്രവാസികൾക്ക് മടങ്ങിയെത്താൻ മൂന്ന് മാസത്തെ കാലാവധിയും അനുവദിച്ചു.
വിട്ടുവീഴ്ചയില്ലാതെ യുഎസ്-ഇസ്രയേൽ സഖ്യവും മുട്ടുമടക്കാതെ ഇറാനും പരസ്പരം പോരാട്ടം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ പുതിയ പോർമുഖം തുറന്നു. ആവശ്യമെങ്കിൽ ഹോർമുസ് വഴി എണ്ണയും വാതകവും കൊണ്ടുപോകുന്ന കപ്പലുകൾക്ക് അമേരിക്കൻ നാവിക സേന അകമ്പടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ആക്രമണത്തിൽ ഇറാനിൽ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ മിസെെൽ, ഡ്രോൺ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നശിപ്പിക്കാനാണ് യുഎസും ഇസ്രയേലും ശ്രമിക്കുന്നത്.