ശുഭപ്രതീക്ഷയോടെ സ്വർണവില; ഇന്നും പവൻവിലയിൽ ഇടിവ്, നാലുദിവസം കൊണ്ട് കുറഞ്ഞത് 7000 രൂപ

Thursday 05 March 2026 11:28 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 1,19,920 രൂപയും ഗ്രാമിന് 90 രൂപ ഇടിഞ്ഞ് 14,990 രൂപയുമായി. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുദിവസം കൊണ്ട് പവൻവിലയിൽ 7000 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇത് സ്വർണവിപണിയിൽ വലിയ ആശ്വാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മാർച്ച് ഒന്നിനായിരുന്നു. അന്ന് പവന് 1,26,920 രൂപയും ഗ്രാമിന് 15,865 രൂപയുമായിരുന്നു.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന് വിലവർദ്ധനവ് രേഖപ്പെടുത്തി. 71.35 ഡോളർ കൂടി 5,183.71 ഡോളറാണ് ഇന്നത്തെ വില. 1.40 ശതമാനമാണ് വർദ്ധന. ഇന്നലെ ഡോളറിനെതിരെ കനത്തതിരിച്ചടി നേരിട്ട ഇന്ത്യൻ രൂപ ഇന്ന് നേരിയ തോതിൽ തിരിച്ചുകയറി. 91.61 രൂപയാണ് ഇന്ന് ഡോളർ -രൂപ വിനിമയ നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണമാണ് രൂപ നേരിട്ടത്. ഒരു യുഎസ് ഡോളറിന് 92.27 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്.

അതേസമയം,​ സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ഗ്രാമിന് 295 രൂപയും ഒരു കിലോഗ്രാമിന് 2,​95,​000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.