ഞണ്ടുകറി കഴിച്ചതിന് പിന്നാലെ അലർജി; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊച്ചി: ഞണ്ടുകറി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡ് (33) ആണ് മരിച്ചത്. ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് അലർജി രൂക്ഷമായതാണ് മരണകാരണം.
ശനിയാഴ്‌ച രാത്രി വീട്ടിലുണ്ടാക്കിയ ഞണ്ടുകറി കഴിച്ച ശേഷം ഉറങ്ങാൻ കിടന്നപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചത്. നേരത്തെയും ഞണ്ടുകറികഴിച്ചതിനെ തുടർന്ന് യുവാവിന് അലർജിപ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. അതേതുടർന്ന് അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കിയിരുന്നതാണ്. നാളുകൾക്ക് ശേഷമാണ് വീണ്ടും ഞണ്ടുകറി കഴിച്ചത്. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് വൈകിട്ട് 4.30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ യുവാവിന്റെ അന്ത്യകർമ്മങ്ങൾ നടക്കും.