ലങ്കയിൽ ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി; പാക് താരം കുടുങ്ങി; നാണക്കേടിൽ പാക്കിസ്ഥാൻ ക്രിക്കറ്റ്

Thursday 05 March 2026 1:29 PM IST

കൊളംബോ: ട്വന്റി-20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് വീണ്ടും നാണക്കേട്. ടീമംഗങ്ങൾ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയതിലൂടെയാണ് പാക് താരം മാനേജ്മെന്റിനെ നാണക്കേടിലാക്കിയത്. ശ്രീലങ്കയിലെ കാൻഡിയിലുള്ള ഹോട്ടലിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ വനിതാ ജീവനക്കാരിക്കു നേരെയാണ് പേര് വെളിപ്പെടുത്താത്ത പാക് താരം മോശമായി പെരുമാറിയത്. സംഭവത്തിൽ ടീം മാനേജർ താരത്തിന് പിഴ ചുമത്തിയതായും ടെലികോം ഏഷ്യ സ്‌പോർട്ട് റിപ്പോർട്ട് ചെയ്തു.

സൂപ്പർ 8 ഘട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരത്തിന് തൊട്ടുമുമ്പാണ് വിവാദ സംഭവം. ജീവനക്കാരി ബഹളം വച്ചതിനെത്തുടർന്ന് മറ്റ് ഹോട്ടൽ ജീവനക്കാർ ഓടിയെത്തുകയും വിവരം പാക് ടീം മാനേജർ നവീദ് ചീമയെ അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ കർശന നടപടി വേണമെന്ന് ഹോട്ടൽ മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും ടീം മാനേജർ നേരിട്ട് മാപ്പ് പറയുകയും താരത്തിന് പിഴ ശിക്ഷ നൽകി ഒത്തു തീർപ്പാക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

ലോകകപ്പിൽ സെമി കാണാതെ പുറത്തായ പാകിസ്ഥാൻ കഴിഞ്ഞ ദിവസമാണ് നാട്ടിൽ തിരിച്ചെത്തിയത്. വിവാദത്തിൽ ഉൾപ്പെട്ട താരം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകേണ്ടി വരും. താരത്തിനെതിരെ കൂടുതൽ കർശനമായ ശിക്ഷാനടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇതാദ്യമായല്ല പാക് താരങ്ങൾ വിദേശ പര്യടനങ്ങളിൽ ഇത്തരത്തിൽ വിവാദങ്ങളിൽ അകപ്പെടുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ അഞ്ച് റണ്ണിന് വിജയിച്ചെങ്കിലും നെറ്റ് റൺറേറ്റിലെ കുറവ് കാരണം പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. കളിയിലെ പരാജയത്തിന് പിന്നാലെ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം മോശം പെരുമാറ്റങ്ങൾ പാക് ക്രിക്കറ്റ് ബോർഡിനെ കടുത്ത പ്രതിരോധത്തിലാണ് ആക്കിയിരിക്കുന്നത്.