കാരുണ്യ വഴിയേ സാബു
കളമശേരി: ഷഷ്ഠി പൂർത്തി പിന്നിട്ടെങ്കിലും രക്തദാനവും കാരുണ്യ പ്രവർത്തനവും തുടരുകയാണ് ഏലൂർ സൗത്ത് മരക്കലത്ത് വീട്ടിൽ എം.ഡി.സാബു. 1982ൽ കളമശേരി സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ അത്യാസന്ന നിലയിൽ കിടക്കുന്ന രോഗിക്കാണ് ആദ്യമായി രക്തം നൽകിയത്. ക്യാൻസർ ബാധിതയായ സഹോദരി സൂസി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലിരിക്കുമ്പോൾ രക്തത്തിനുവേണ്ടി പരക്കം പായേണ്ടി വന്നു. ഒടുവിൽ പത്രത്തിൽ വാർത്ത കൊടുത്തും സുഹൃത്തുക്കളുടെ സഹായം തേടിയുമാണ് കാര്യം നടത്തിയത്. രക്തദാനം ജീവിതവൃതമാക്കിയതിന് പ്രേരണയായത് ജീവിതത്തിലെ ഈ സംഭവമാണ്. 36 വർഷമായി സേവന രംഗത്തുണ്ട്. ആലപ്പുഴയിലും കോഴിക്കോടുമായി 141 തവണ രക്തം നൽകി. ഫാക്ട് ഉദ്യോഗമണ്ഡലിൽ സീനിയർ ടെക്നീഷ്യനായി വിരമിച്ച സാബു സ്വയം രക്തദാനം ചെയ്യുന്നതോടൊപ്പം രക്തദാനത്തിന് താത്പര്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി ആവശ്യപ്പെടുന്നവർക്ക് അടിയന്തര സഹായമെത്തിക്കുകയും ചെയ്യുന്നു. കിടപ്പുരോഗികൾക്കാവശ്യമായ വാട്ടർ ബെഡ്, വാക്കർ, സ്ട്രെച്ചർ എന്നിവ എത്തിച്ച് കൊടുക്കുന്നതിലും സജീവമാണ്. കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ജീവനക്കാരിയായ സുനി സാബുവാണ് ഭാര്യ.