കിടപ്പുമുറിയിൽ സ്ഥാപിച്ച എസിക്കുള്ളിൽ അഞ്ചുപാമ്പുകൾ; തിരുവനന്തപുരം സ്വദേശിയുടെ വീട്ടിൽ കണ്ട കാഴ്ച

Thursday 05 March 2026 5:04 PM IST

തിരുവനന്തപുരം: ശ്രീകാര്യത്ത് വീടിനുളളിൽ സ്ഥാപിച്ച എയർ കണ്ടീഷനറിനുള്ളിൽ (എസി) നിന്ന് അഞ്ച് പാമ്പുകളെ കണ്ടെത്തി. ചെറുവയ്ക്കൽ സ്വദേശിയായ ടെക്നോപാർക്ക് ജീവനക്കാരൻ മാധവ് ജെ പണിക്കരുടെ വീട്ടിലെ കിടപ്പുമുറിയിലെ എസിയുടെ അകത്തുനിന്നാണ് പാമ്പുകളെ കണ്ടെത്തിയത്. മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എസിയുടെ അടിഭാഗത്ത് വാലുപോലെ എന്തോ ശ്രദ്ധയിൽപ്പെട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.

പിന്നാലെ മാധവ് വനം വകുപ്പിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ടോർച്ചടിച്ച് നോക്കിയപ്പോഴാണ് കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പാണെന്ന് മനസിലായത്. എസി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാൻ കഴിയില്ലെന്ന് മനസിലായി. എസി ടെക്നീഷ്യനെത്തി എസി തുറന്നപ്പോൾ അഞ്ച് വില്ലൂന്നി പാമ്പുകളെ കണ്ടു. എസിയുടെ ഔട്ടർ വാട്ടർ പൈപ്പിനുസമീപം ചുമരിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളിൽ കയറിയത്. മണിക്കൂറുകൾ ശ്രമിച്ച് നാലെണ്ണത്തിനെ പിടിച്ചു. അഞ്ചാമത്തേത് ഔട്ടർ പൈപ്പിന്റെ വശത്തുകൂടി പുറത്തേക്കുചാടി. മരച്ചില്ലകൾ വീടിന്റെ ടെറസിലേക്ക് താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവ വീട്ടിലെ എസിക്കുള്ളിൽ കയറിയത്. പിടികൂടിയ പാമ്പുകളെ ആൾത്താമസമില്ലാത്ത സ്ഥലത്തെ കുറ്റിക്കാട്ടിൽ തുറന്നുവിടുകയും ചെയ്തു.