'സാധാരണക്കാരന്റെ സ്വപ്‌നങ്ങൾക്ക് ഇവിടെ വിലയില്ലേ?'; പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം

Thursday 05 March 2026 6:00 PM IST

കൊച്ചി: അങ്കമാലിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ കുടുംബം. ആറ് ദിവസമായി അപകടം നടന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയിട്ടില്ലെന്ന് മരിച്ച ജാസ്‍ലിയയുടെ കുടുംബം വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. സാങ്കേതികവിദ്യ ഇത്രയധികം വളര്‍ന്നിട്ടും പ്രതിയെ പിടികൂടാൻ എന്താണ് ഇത്ര താമസമെന്ന് ജാസ്‍ലിയയുടെ അച്ഛൻ ജോണ്‍സണ്‍ ചോദിച്ചു.

പ്രതി ഡോക്ടറാണ്. സമ്പന്ന കുടുംബമാണ് പ്രതിയുടേതെന്നാണ് അറിയാൻ കഴിഞ്ഞത്. സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് ഇവിടെ വിലയില്ലേയെന്നും ജാസ്‍ലിയയുടെ സഹോദരൻ ജാസിൻ ചോദിച്ചു. പൊലീസ് വിചാരിച്ചാൽ നേരത്തേ പ്രതിയെ പിടികൂടാമായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ഒരു ഡോക്‌ടർ ഇത്തരത്തിൽ അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കാമോ? വാഹനം നിർത്തി ആശുപത്രിയിൽ എത്തിച്ചെങ്കിൽ മകൾ രക്ഷപ്പെടുമായിരുന്നുവെന്നും മകള്‍ക്ക് നീതി വേണമെന്നും ജാസ്‍ലിയയുടെ അമ്മ ലിമ പറഞ്ഞു.

പൊലീസ് ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജോണ്‍സണ്‍ പറഞ്ഞു. പണം മാത്രമാണ് വലുതെന്നും മനുഷ്യന്റെ ജീവന് വിലയില്ലേയെന്നും ജോണ്‍സണ്‍ ചോദിച്ചു. പ്രതി മദ്യപിച്ചിരുന്നോ എന്നതിൽ പോലും ഇനി വ്യക്തത കിട്ടില്ല. തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ വൈകുന്നത് എന്തുകൊണ്ടാണ്? ഇടിച്ച വാഹനത്തിന്റെ ഫോട്ടോയെടുക്കാൻ പോലും പൊലീസ് സമ്മതിക്കാത്തത് എന്തുകൊണ്ടാണെന്നും കുടുംബം ചോദിച്ചു.