അന്ന് ആര്‍ച്ചര്‍ കൈ എറിഞ്ഞൊടിച്ചു, അതേ മൈതാനത്ത് ഇംഗ്ലീഷ് പേസറെ 'അടിച്ച്' ഇല്ലാതാക്കി സഞ്ജു

Thursday 05 March 2026 9:50 PM IST

മുംബയ്: 2025 ഫെബ്രുവരി 2ന് വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ട്വന്റി 20 മത്സരം. വിറപ്പിക്കുന്ന പേസിന് പേരുകേട്ട ജോഫ്ര ആര്‍ച്ചറിന്റെ ഷോട്ട് ബോള്‍ കൊണ്ട് സഞ്ജുവിന്റെ കൈവിരല്‍ ഒടിഞ്ഞു. കരിയറില്‍ മൂന്ന് സെഞ്ച്വറികള്‍ നേടി മിന്നും ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു ഈ പരിക്ക് സഞ്ജുവിന് സംഭവിച്ചത്. തൊട്ട് പിന്നാലെ നടന്ന ഐപിഎല്‍ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും മലയാളി താരത്തിന് നഷ്ടമായി.

ആര്‍ച്ചറെ നേരിടുന്നതിന് പലപ്പോഴും ബുദ്ധിമുട്ടുകയും വിക്കറ്റ് സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് മലയാളി താരം. ഇന്നത്തെ മത്സരത്തിന് മുമ്പ് മൂന്ന് തവണയാണ് സഞ്ജുവിനെ ആര്‍ച്ചര്‍ ടി20 ക്രിക്കറ്റില്‍ പുറത്താക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സെമിയില്‍ ആര്‍ച്ചര്‍ക്ക് മുന്നില്‍ സഞ്ജുവിന് തിളങ്ങാനാകുമോയെന്ന് വിദഗ്ദ്ധര്‍ പോലും സംശയിച്ചിരുന്നു. എന്നാല്‍ കളത്തിലേക്ക് വന്നപ്പോള്‍ കളി മാറി. ആര്‍ച്ചറുടെ ആദ്യ ഓവറില്‍ തന്നെ സിക്‌സും ഫോറുമടിച്ച് സഞ്ജു തന്റെ ഉദ്ദേശം വ്യക്തമാക്കിയിരുന്നു.

ആര്‍ച്ചറുടെ രണ്ടാം ഓവറില്‍ മിഡ് വിക്കറ്റിന് മുകളിലൂടെ നേടിയ മറ്റൊരു പടുകൂറ്റന്‍ സിക്‌സറിന് പുള്‍ ഷോട്ടുകളുടെ തമ്പുരാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഹിത് ശര്‍മ്മ ഗ്യാലറിയില്‍ ഇരുന്ന് നല്‍കിയ കൈയടി മാത്രം മതി എത്ര മികവുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍. തുടക്കത്തില്‍ സഞ്ജുവിന്റെ കടന്നാക്രമണത്തില്‍ പകച്ചുപോയ ആര്‍ച്ചര്‍ക്ക് മത്സരത്തില്‍ ഒട്ടും തിളങ്ങാന്‍ കഴിഞ്ഞതുമില്ല. നാല് ഓവറുകള്‍ എറിഞ്ഞ താരം വഴങ്ങിയത് 60 റണ്‍സാണ്.