പ്രഖ്യാപനമായി മാലിന്യമുക്തം, നഗര ഹൃദയത്തിൽ മാലിന്യനിക്ഷേപത്തിന് അറുതിയില്ല

Friday 06 March 2026 1:13 AM IST

കൊല്ലം: ജില്ലയിൽ മാലിന്യമുക്ത ജില്ലയെന്ന പ്രഖ്യാപനം വെറുവാക്കായി മാത്രം ഒതുങ്ങുന്നു. മൂക്ക് പൊത്താതെ നഗരഹൃദയത്തിൽപോലും നിൽക്കാൻ കഴിയാത്ത അവസ്ഥ. ചിന്നക്കട റൗണ്ടിന് സമീപം പഴയ റെയിൽപ്പാതയുടെ കുഴിയിലെ മാലിന്യ നിക്ഷേപത്തിന് ഒരറുതിയുമില്ല. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായി ഇവിടെ മാലിന്യനിക്ഷേപം പതിവായിട്ടും അധികൃതർ കണ്ടഭാവം നടിക്കാറില്ലെന്നാണ് പരാതി. കെട്ടിട്ടിടക്കുന്ന മാലിന്യത്തിൽ നിന്നുയരുന്ന അസഹ്യമായ ദുർഗന്ധം കാരണം ശ്വാസംപിടിച്ചാണ് ഇതുവഴി നടക്കുന്നത്. റെയിൽവേയുടെ അധീനതയിലുള്ള ഇവിടെ രാപ്പകൽ വ്യത്യാസമില്ലാതെയാണ് മാലിന്യം ഉപേക്ഷിക്കുന്നത്. രാത്രിയിൽ ഈ പ്രദേശത്ത് വെളിച്ചമുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിക്കാത്തതാണ് മാലിന്യം തള്ളാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

കുറച്ച് നാൾ മുമ്പ് ഇവിടെ കെട്ടിക്കിടന്ന മാലിന്യത്തിന് മുകളിൽ മണ്ണിട്ട് മൂടിയിരുന്നു. എന്നാൽ വീണ്ടും പഴയ രീതിയിലേക്ക് മാറുകയാണ്.

തീപിടിത്തത്തിനും സാദ്ധ്യത

രാപ്പകൽ വ്യത്യാസമില്ലാതെ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ പ്രദേശമായിട്ടും പ്ലാസ്റ്റിക് കവറുകളും ഡയറപ്പറുകളും ഉൾപ്പെടെയാണ് ഉപേക്ഷിക്കുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ളതിനാൽ തീപിടിത്തതിനും സാദ്ധ്യത കൂടുതലാണ്. മുമ്പ് പലപ്പോഴും മാലിന്യത്തിന് തീപിടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇനി മഴ എത്തിയാൽ കെട്ടിക്കിടക്കുന്ന മാലിന്യം അഴുകി സ്ഥിതി കൂടുതൽ വഷളാക്കും. മഴ എത്തുന്നതിന് മുമ്പ് തന്നെ മാലിന്യപ്രശ്നത്തിന് അടി​യന്തര നടപടി​ ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.