കലാകിരീടം മഹാരാജാസിന്

Friday 06 March 2026 12:41 AM IST

തിരുവല്ല : ഏഴ് പകലിരവുകളെ ധന്യമാക്കി തിരുവല്ലയിൽ എം.ജി സർവകലാശാല കലോത്സവം കൊടിയിറങ്ങിയപ്പോൾ എറണാകുളം മഹാരാജാസ് കോളേജ് കലാകിരീടം സ്വന്തമാക്കി. 177 പോയിന്റുകൾ നേടിയാണ് മഹാരാജാസിന്റെ രാജകീയവിജയം. കഴിഞ്ഞവർഷം കിരീടം നേടിയ ആർ.എൽ.വി ഗവ.കോളേജ് 150 പോയിന്റുമായി രണ്ടാംസ്ഥാനത്തെത്തി. കലോത്സവത്തിന്റെ ആദ്യദിനം മുതൽ മുന്നേറിയിരുന്ന തേവര എസ്.എച്ച് കോളേജ് 143 പോയിന്റുമായി മൂന്നാം സ്ഥാനത്തായി. കലാരംഗത്ത് നീണ്ട പാരമ്പര്യമുള്ള മഹാരാജാസ് 1993ലാണ് ആദ്യം കിരീടം നേടുന്നത്. പിന്നീട് രണ്ടുതവണ കൂടി തുടർച്ചയായി കലാവേദി കീഴടക്കി. ശേഷം 98, 2000, 2002, 2007, 2008, 2010, 2024, 2026 എന്നീ വർഷങ്ങളിലായി മഹാരാജാസിന്റെ ജൈത്രയാത്ര തുടരുകയാണ്. സംഗീത, നൃത്ത, സാഹിത്യ, രചനാ മത്സരങ്ങളിലെ സ്ഥിരതയാർന്ന പ്രകടനമാണ് മഹാരാജാസിന്റെ വിജയത്തിന് പിന്നിൽ. ഇക്കുറി 72 വ്യക്തിഗത ഇനങ്ങളിലും നാടകം ഉൾപ്പെടെ എട്ട് ഗ്രൂപ്പ് മത്സരങ്ങളിലുമായി 150ലേറെ താരങ്ങളെ മഹാരാജാസ് അണിനിരത്തി. ആദ്യമെത്തിയ മൂന്ന് കോളേജുകൾ ഉൾപ്പെടെ പോയിന്റ് നിലയിൽ എറണാകുളത്തിന്റെ ആധിപത്യം ദൃശ്യമാണ്.