പാരമ്പര്യകലയിൽ രണ്ടാംവട്ടവും ശ്രീഹരി എം.ചാക്യാർ

Friday 06 March 2026 12:48 AM IST

തിരുവല്ല : ചാക്യാർകൂത്ത് മത്സര ഇനമാക്കിയ രണ്ടാംവർഷവും ഒന്നാമതെത്തി ശ്രീഹരി എം. ചാക്യാർ. കഴിഞ്ഞ വ‌ർഷമാണ് ചാക്യാർകൂത്ത് മത്സരയിനമാക്കിയത്. ശ്രീഹരിക്ക് ചാക്യാർകൂത്ത് പാരമ്പര്യകലയാണ്.

അന്തരിച്ച പ്രശസ്ത കൂടിയാട്ടം കലാകാരൻ മൂഴിക്കുളം കൊച്ചുക്കുട്ടൻ ചാക്യാരുടെ കൊച്ചുമകനും കൂത്ത്, കൂടിയാട്ടം കലാകാരനും കാലടി സംസ്കൃത സർവകലാശാല തീയറ്റർ വിഭാഗം അദ്ധ്യാപകൻ പ്രൊഫ.മാർഗി മധുവിന്റെയും നങ്ങ്യാർകൂത്ത് കലാകാരിയും അദ്ധ്യാപികയുമായ ഡോ.ജി.ഇന്ദുവിന്റെയും മകനുമാണ് ശ്രീഹരി. എട്ടുവയസ് മുതൽ പ്രൊഫഷണലായി കൂത്ത് അവതരിപ്പിച്ച് തുടങ്ങിയ ശ്രീഹരി ഇതിനകം സിംഗപ്പൂർ, ഇസ്രായേൽ, ദുബായ്, ജർമ്മനി, സ്വിറ്റ്‌സർലന്റ്, ഇറ്റലി, ഓസ്ട്രിയ, കാനഡ, യു.എസ് എന്നീ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. രാമന്റെ ദൂതനായി അങ്കദൻ ലങ്കയിൽ രാവണന്റെ അടുത്ത് എത്തുന്ന ഭാഗമാണ് അവതരിപ്പിച്ചത്. ചാക്യാർകൂത്തിനൊപ്പം നങ്ങ്യാർകൂത്തും ശ്രീഹരി അഭ്യസിക്കുന്നുണ്ട്. തേവര എസ്.എച്ച് കോളേജിലെ ആനിമേഷൻ ആൻഡ് വി.എഫ്.എക്‌സ് രണ്ടാംവർഷ വിദ്യാർത്ഥിയാണ്.