റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

Thursday 05 March 2026 10:50 PM IST

മുംബയ്: ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍. റണ്‍മഴ കണ്ട മത്സരത്തില്‍ 7 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ പതറാതെ ബാറ്റ് വീശിയെങ്കിലും ജസപ്രീത് ബുംറയുടെ ഓവറുകള്‍ നിര്‍ണായകമായി മാറുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി 22കാരന്‍ ജേക്കബ് ബെഥല്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി പാഴായി. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് 5(3), ക്യാപ്റ്റന്‍ ഹാരി ബ്രൂക് 7(6) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. മോശം ഫോം തുടരുന്ന മുന്‍ നായകന്‍ ജോസ് ബട്‌ലര്‍ 25(17) കൂടി മടങ്ങിയതോടെ 64ന് മൂന്ന് എന്ന നിലയിലേക്ക് വീണു. എന്നാല്‍ അവിടെ നിന്നാണ് ജേക്കബ് ബെഥല്‍ എന്ന 22കാരന്‍ ഏറെക്കുറെ ഒറ്റയ്ക്ക് കളി മുന്നോട്ട് കൊണ്ട് പോയത്.

ടോം ബാന്റണ്‍ 17(5), വില്‍ ജാക്‌സ് 35(20) എന്നിവര്‍ മടങ്ങിയെങ്കിലും ബെഥല്‍ കളി അവസാന ഓവറുകളിലേക്ക് നീട്ടിയെടുത്തു. എന്നാല്‍ 48 പന്തുകളില്‍ നിന്ന് 105 റണ്‍സ് നേടി അവസാന ഓവറില്‍ താരം റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. സാം കറന്‍ 18(14) റണ്‍സ് നേടി പുറത്തായി. ജോഫ്ര ആര്‍ച്ചര്‍ 19*(4), ജേമി ഓവര്‍ടണ്‍ 2*(3) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്‍ഷഅദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണിംഗ് ബാറ്ററും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ 89(42) ആണ് ടോപ് സ്‌കോറര്‍. ഇഷാന്‍ കിഷന്‍, ശിവം ദൂബെ എന്നിവരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. അവസാന ഓവറുകളില്‍ തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ വമ്പനടികള്‍കൂടിയായപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തുകയായിരുന്നു.

ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 9(7) മാത്രമായിരുന്നു മോശം ഫോം തുടരുന്ന താരത്തിന്റെ സംഭാവന. എന്നാല്‍ രണ്ടാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരായ സഞ്ജു - ഇഷാന്‍ സഖ്യം നിറഞ്ഞാടിയതോടെ ഇന്ത്യ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 45 പന്തുകളില്‍ നിന്ന് 97 റണ്‍സ് സഞ്ജുവിനൊപ്പം കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇഷാന്‍ കിഷന്‍ 39(18) പുറത്തായത്.പകരമെത്തിയ ശിവം ദൂബെയും മികച്ച ഫോമിലായിരുന്നു. 43(25) റണ്‍സെടുത്ത ദൂബെ, സഞ്ജുവിന് മികച്ച പിന്തുണ നല്‍കി.

വിന്‍ഡീസിനെതിരായ തകര്‍പ്പന്‍ ഫോം തുടര്‍ന്ന സഞ്ജു 42 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറിയും ഏഴ് സിക്സറുകളും സഹിതം 89 റണ്‍സാണ് അടിച്ചെടുത്തത്. വില്‍ ജാക്സിന്റെ പന്തില്‍ ഡീപ് എക്സ്ട്രാ കവറില്‍ ഫിലിപ് സാള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 11(6) റണ്‍സെടുത്ത് മടങ്ങി. തിലക് വര്‍മ്മ 21(7) ഹാര്‍ദിക് പാണ്ഡ്യ 27(12) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ്, വില്‍ ജാക്സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.