ക​ട​ൽ​പ്പാ​യ​ൽ​ ​വ്യ​വ​സാ​യ​ത്തിന് ​പി​ന്തുണയെന്ന് കേന്ദ്രമന്ത്രി

Friday 06 March 2026 12:54 AM IST

സംരംഭങ്ങളെ പിന്തുണയ്ക്കുമെന്ന് മന്ത്രി ജോർജ് കുര്യൻ

കൊച്ചി: കടൽപ്പായൽ അധിഷ്ഠിത വ്യവസായങ്ങളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന സംരംഭങ്ങൾക്ക് പിന്തുണയ്ക്കുമെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ആഗോള കടൽപ്പായൽ ഉത്പാദനത്തിൽ ഇന്ത്യയുടെ വിഹിതം ഒരു ശതമാനത്തിൽ നിന്ന് വർദ്ധിപ്പിക്കാനാണ് ശ്രമം.

കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്‌സിറ്റി (കുഫോസ്) സംഘടിപ്പിച്ച കടൽപ്പായലുകൾ : മൂല്യശൃംഖലകൾ, കാലാവസ്ഥാ പരിഹാരങ്ങൾ, നീല സാമ്പത്തിക പാതകൾ എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഔഷധങ്ങൾ, ന്യൂട്രാസ്യൂട്ടിക്കൽസ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, കൃഷി, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ കടൽപ്പായലുകൾക്ക് സാദ്ധ്യതകളുള്ള മേഖലകളിൽ സ്റ്റാർട്ടപ്പ് അവസരങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികളെയും ഗവേഷകരെയും പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കെ. ബാബു എം.എൽ.എ., ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ, നബാർഡ് ചെയർമാൻ വി. ഷാജി കൃഷ്ണൻ, എൻ.എഫ്.ഡി.ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ബിജയ് കുമാർ ബെഹറ, സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ, സി.എം.എൽ.ആർ.ഇ ഡയറക്ടർ ഡോ. ആർ.എസ്. മഹേഷ്‌കുമാർ, നിഫാറ്റ് ഡയറക്ടർ ഡോ. ഷൈൻ കുമാർ, കുഫോസ് രജിസ്ട്രാർ ഡോ. കെ. ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.