'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, സഞ്ജു സാംസണ്‍ സൂപ്പര്‍ സ്റ്റാര്‍', നിരാശനായ സഞ്ജുവിനോട് മുന്‍ നായകന്‍ പറഞ്ഞത് അച്ചട്ടായി
മുംബയ്: തോല്‍വി പുറത്തേക്കുള്ള വഴി തുറക്കുമെന്ന് ഉറപ്പുള്ള രണ്ട് മത്സരങ്ങള്‍, ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച് ഫൈനലിലേക്ക് എത്തിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെയും സെമിയില്‍ ശക്തരായ ഇംഗ്ലണ്ടിനെതിരെയും തകര്‍പ്പന്‍ ഇന്നിംഗ്‌സുകളിലൂടെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം തുടര്‍ച്ചയായി നേടിയിരിക്കുകയാണ് സഞ്ജു. ബുംറയുടെ ഓവറുകളാണ് തന്നെ ഇംഗ്ലണ്ടിനെതിരെ ഈ പുരസ്‌കാരം സ്വീകരിക്കാന്‍ ഇവിടെ നിര്‍ത്തിയത് എന്ന പ്രസ്താവനയിലൂടെ താന്‍ ഒരു ടീം മാന്‍ ആണെന്നും താരം തെളിയിച്ചു.
ലോകകപ്പിന് മുമ്പുള്ള പരമ്പരയിലെ മോശം ഫോം കാരണം പ്ലേയിംഗ് ഇലവനിലെ സ്ഥാനം പോലും നഷ്ടപ്പെട്ടിടത്തുനിന്നാണ് മലയാളി താരത്തിന്റെ തിരിച്ചുവരവ്. ഒരുവേള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സഞ്ജുവിനെ അഭിഷേകിന് പകരം കളിപ്പിക്കാനോ എന്ന നായകന്‍ സൂര്യകുമാറിന്റെ പരിഹാസം കലര്‍ന്ന മറുപടിയുണ്ടായത് പോലും അയാളെ തളര്‍ത്തിയിരുന്നില്ല. ലോകകപ്പിലെ ടീമിന്റെ ആദ്യ മത്സരത്തില്‍ അമേരിക്കയെ നേരിടുന്നതിന് മുമ്പ് ഇന്ത്യന്‍ സംഘത്തെ സന്ദര്‍ശിച്ച മുന്‍ നായകന്‍ രോഹിത് ശര്‍മ്മ സഞ്ജുവിനോട് പറഞ്ഞത് അച്ചട്ടായി. നിന്റെ സമയം വരും...
ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന സഞ്ജു ഫൈനലിലും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വെറും നാല് മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ ഈ ടൂര്‍ണമെന്റില്‍ കളിച്ചതെങ്കിലും ഇതിനോടകം തന്നെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ചുരുക്കപ്പട്ടികയിലും മലയാളി താരം ഉള്‍പ്പെട്ടുകഴിഞ്ഞു. സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം താരം പറഞ്ഞത് ടീമിനായി പരമാവധി റണ്‍സ് നേടുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യം എന്നാണ്.