മാനാഞ്ചിറ - മലാപ്പറമ്പ് റോഡ് ഒമ്പതുമുതൽ നാലുവരിപ്പാത

Friday 06 March 2026 12:39 AM IST
മാവൂർ റോഡ് ജംഗ്ഷനിൽ മാ​നാ​ഞ്ചി​റ​ ​-​ ​മ​ലാ​പ്പ​റ​മ്പ് ​റോ​ഡ് ​പ്ര​വൃ​ത്തി​ ​പു​രോ​ഗ​മി​ക്കു​ന്നു

  • ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും
  • പ്രവൃത്തി അന്തിമഘട്ടത്തിൽ

കോഴിക്കോട്: ജില്ലയിലെ റോഡ് വികസനത്തിൽ മറ്റൊരു നാഴികക്കല്ലുകൂടി. നാലുവരിയായി വികസിപ്പിച്ച മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിന്റെ ഉദ്ഘാടനം ഒമ്പതിന് രാവിലെ 10ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ പങ്കെടുക്കും. മലാപ്പറമ്പിൽ നടക്കുന്ന ഉദ്ഘാടനത്തിനു ശേഷം മാനാഞ്ചിറ വരെ ഘോഷയാത്രയുണ്ടാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി വിവിധ പദ്ധതികളുടെ പൂർത്തീകരണം കഴിയാവുന്നത്ര വേഗത്തിലാക്കുകയാണ് സർക്കാർ. മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള 3.020 കിലോമീറ്റർ റോഡ് 24 മീറ്റർ വീതിയിൽ 4 വരി പാതയാക്കാൻ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവായിരുന്നു. നിലവിൽ മാനാഞ്ചിറ - മലാപ്പറമ്പ് റോഡ് വികസനം കരാറുകാരായ മിഡ്‌ലാൻഡ് കോൺട്രാക്റ്റിംഗിനാണ് . മലാപ്പറമ്പ്- വെള്ളിമാട്‌കുന്ന് റീച്ച് പ്രവൃത്തി വെെകാതെ തുടങ്ങും.

മാനാഞ്ചിറ-വെള്ളിമാട്‌കുന്ന് റോഡ് 8.392 കിലോമീറ്ററാണ് 24 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിക്കുന്നത്. ഇതിൽ പ്രവൃത്തി ഏറെക്കുറെ പൂർത്തിയായ മാനാഞ്ചിറ - മലാപ്പറമ്പ് റീച്ചിൽ അഴുക്കുചാൽ, ഡക്ട് എന്നിവയ്ക്ക് സ്ലാബിടൽ, ഫുട്പാത്തിൽ ഇന്റർലോക്ക്, ഡിവൈഡറുകൾ സ്ഥാപിക്കൽ എന്നിവയാണ് ശേഷിക്കുന്നത്. ഇവയുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. മലാപ്പറമ്പുമുതൽ എരഞ്ഞിപ്പാലംവരെ ഡിവൈഡറുകൾ സ്ഥാപിച്ചു.

  • ചെലവ് 76.90 കോടി
  • മാനാഞ്ചിറ- മലാപ്പറമ്പ് റീച്ചിന് 76.90 കോടി രൂപയാണ് ചെലവ്. 8.5 മീറ്റർ വീതിയുള്ള രണ്ട് ഭാഗങ്ങളാണ് റോഡിനുണ്ടാകുക. നടുവിൽ മീഡിയനും ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. ഒമ്പതോളം ജംഗ്ഷനുകളുണ്ട്. എരഞ്ഞിപ്പാലം, ക്രിസ്ത്യൻ കോളേജ് ജംഗ്ഷനുകളാണ് വലുത്. സി.എസ്.ഐ, സി.എച്ച് മേൽപ്പാലം, മാവൂർ റോഡ്, വൈ.എം.സി.എ ക്രോസ് റോഡ്, ക്രിസ്ത്യൻ കോളേജ്, ഇംഗ്ലീഷ് പള്ളി, നടക്കാവ്, എരഞ്ഞിപ്പാലം, കരിക്കാംകുളം റോഡ് (ഹോമിയോ കോളേജ്) തുടങ്ങിയ സ്ഥലങ്ങളിൽ സിഗ്നലുകളുണ്ടാകും.