പ്രായം 22, ജോലി സിക്‌സടിച്ച് രസിക്കല്‍; കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും ഇന്ത്യയെ വിറപ്പിച്ച് ജേക്കബ് ബെഥല്‍

Friday 06 March 2026 12:00 AM IST

മുംബയ്: ലോകകപ്പ് സെമി ഫൈനല്‍ പോലൊരു വലിയ വേദിയില്‍ ശക്തരായ ഇന്ത്യക്കെതിരെ സെഞ്ച്വറി. ജേക്കബ് ബെഥല്‍ എന്ന 22കാരന്‍ ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് ജയത്തിന് തൊട്ടടുത്തു വരെ എത്തിച്ചതാണ്. അവസാന ഓവറില്‍ ഇടങ്കയന്‍ ബാറ്റര്‍ പുറത്താകുന്നത് വരെ ഒരു ഇന്ത്യക്കാരനും നെഞ്ചിടിപ്പോടെയല്ലാതെ മത്സരം കണ്ടിരുന്നില്ല. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സ് എത്ര വലിയ ബാറ്റിംഗ് പിച്ചിലും മറികടക്കുക അത്ര എളുപ്പമല്ല. ഒരു വശത്ത് തന്റെ ടീമിലെ വമ്പന്‍പേരുകാര്‍ വിക്കറ്റ് നഷ്ടമായി മടങ്ങുമ്പോഴും വാംഖഡെയുടെ സെന്റര്‍ വിക്കറ്റില്‍ ആ യുവാവ് നെഞ്ച് വിരിച്ച് നിന്നു.

മുംബയില്‍ ഇന്ത്യക്കായി ആര്‍ത്ത് വിളിക്കുന്ന പതിനായിരക്കണക്കിന് കാണികളുടെ മുന്നില്‍ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശണമെങ്കില്‍ അയാളില്‍ എന്തോ ഒരു സവിശേഷതയുണ്ടെന്ന് തീര്‍ച്ചയാണ്. കമന്ററി ബോക്‌സിലിരുന്ന മുന്‍ താരങ്ങളും വിദഗ്ദ്ധരും ഒരേ സ്വരത്തില്‍ പറഞ്ഞതാണ് ഇക്കാര്യം. 48 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളും ഏഴ് സിക്‌സറുകളും സഹിതമാണ് ജേക്കബ് ബെഥല്‍ 105 റണ്‍സ് നേടിയത്. അവസാന ഓവറില്‍ 30 റണ്‍സ് വേണമെന്നിരിക്കെ പോലും ഇന്ത്യക്കാര്‍ ആ യുവ താരത്തെ ഭയന്നിരുന്നു.

സ്‌ട്രൈക്കിലേക്ക് മടങ്ങിയെത്താനായി രണ്ടാമത്തെ റണ്ണിനായി ഓടിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ ചാട്ടുളി പോലുള്ള ത്രോ കളക്റ്റ് ചെയ്ത് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്തപ്പോള്‍ ജേക്കബ് ബെഥല്‍ റണ്ണൗട്ടായി. അല്ലെങ്കിലും ഇന്ന് കളം നിറഞ്ഞ് കളിച്ച താരത്തെ പുറത്താക്കാന്‍ റണ്ണൗട്ടല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു എന്നതാണ് വാസ്തവം. ഒരു പക്ഷേ മറുവശത്ത് നിന്ന് അല്‍പ്പംകൂടി പിന്തുണ ലഭിച്ചിരുന്നെങ്കില്‍ വാംഖഡെയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ചേസ് അയാള്‍ വിജയകരമായി പൂര്‍ത്തിയാക്കുമായിരുന്നു.