വന്യജീവിയാക്രമണം; അതിതീവ്ര പട്ടികയിൽ ജില്ലയില്ല

Friday 06 March 2026 12:03 AM IST

മലപ്പുറം: ജില്ലയിലെ മലയോരങ്ങളിൽ വന്യജീവി ആക്രമണവും ജീവൻ പൊലിയുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടും മനുഷ്യ,​ വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന തീവ്രപ്രദേശങ്ങളുടെ പട്ടികയിൽ ജില്ലയെ ഉൾപ്പെടുത്താതെ വനംവകുപ്പ്. അതിതീവ്ര വിഭാഗത്തിൽ വയനാട്ടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. തീവ്രം വിഭാഗത്തിൽ വിവിധ ജില്ലകളിലെ 21 പഞ്ചായത്തുകൾ ഉൾപ്പെട്ടിട്ടുണ്ട്. 'മദ്ധ്യമം' വിഭാഗത്തിലാണ് ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകളെയും നിലമ്പൂർ മുനിസിപ്പാലിറ്റിയേയും വനംവകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വിഭാഗത്തിൽ സംസ്ഥാനത്ത് 243 തദ്ദേശ സ്ഥാപനങ്ങളുണ്ട്. കരുവാരക്കുണ്ട്, കാളികാവ് മേഖലകളിൽ കടുവ ഭീഷണിയടക്കം നിലനിൽക്കുന്നുണ്ട്. റബ്ബർ ടാപ്പിംഗിന് പോയ തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയതും അടുത്തിടെയാണ്. അതിതീവ്രം,​ തീവ്ര വിഭാഗങ്ങളിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ വന്യജീവിയാക്രമണം നേരിടുന്നതിന് കൂടുതൽ ഫണ്ടും ശ്രദ്ധയും സർക്കാർ നൽകും.

ജില്ലയിൽ ഒരുവർഷത്തിനിടെ വന്യജീവിയാക്രമണത്തിൽ 88 പേർക്ക് പരിക്കേൽക്കുകയും പത്ത് പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലമ്പൂർ നോർത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലാണ് 70 ശതമാനത്തോളം വന്യജീവി ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തത്. 2024ൽ വന്യജീവിയാക്രമണത്തിൽ 11 പേർ മരണപ്പെട്ടിട്ടുണ്ട്. പാമ്പ് കടിയേറ്റും കാട്ടാനയാക്രമണത്തിലുമാണ് ഏറെപേർക്കും ജീവൻ നഷ്ടമായത്.

പട്ടികയിൽ ഉൾപ്പെട്ടത് ഇവ

വേനലിന്റെ പശ്ചാത്തലത്തിൽ വനത്തിനകത്ത് ഭക്ഷ്യ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള 'മിഷൻ ഫുഡ്, ഫോഡർ ആന്റ് വാട്ടർ' പദ്ധതിക്ക് വേഗം കൂട്ടിയിട്ടുണ്ട്. നിലമ്പൂർ മുനിസിപ്പാലിറ്റി, അമരമ്പലം, എടക്കര, എടവണ്ണ, കരുളായി, കരുവാരക്കുണ്ട്, കാളികാവ്, കീഴുപറമ്പ്, ചാലിയാർ, ചുങ്കത്തറ, മമ്പാട്, മൂത്തേടം, വണ്ടൂർ, വഴിക്കടവ് പഞ്ചായത്തുകളാണ് 'മദ്ധ്യമം' വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

വന്യജീവിയാക്രമണത്തിൽ മരണപ്പെട്ടവർ വർഷം ............. മരണം .................. പരിക്ക് 2022 ................. 9 ............................ 5 2023 ................. 8 ............................ 27 2024 ................ 11 ........................... 7 2025 ................. 10 ......................... 84