 വിമത കൺവെൻഷനിൽ രൂക്ഷവിമർശനം -- സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനെന്ന് പി.കെ.ശശി

Friday 06 March 2026 12:20 AM IST

പാലക്കാട്: ജില്ലയിലെ സി.പി.എം നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്നവർ സംഘടിപ്പിച്ച കൺവെൻഷനിൽ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ ആഞ്ഞടിച്ച് പി.കെ.ശശി. പല മഹാന്മാരും ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കച്ചവടക്കാരൻ കയറിയിരിക്കുന്നത്. അതിനെ ചോദ്യം ചെയ്തതിന് ക്രൂരമായി വേട്ടയാടി. ഇനിയും സഹിക്കാൻ വയ്യാത്ത, ഉശിരുള്ളവരാണ് കൺവെൻഷൻ കൂടുന്നത്. അനീതിയെ തുടച്ചുനീക്കാനാണ് പ്രതിഷേധമെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് ശശി പറഞ്ഞു. അഴിമതിയും സ്പിരിറ്റ് കച്ചവടവുമൊക്കെയാണ് പാർട്ടിയിൽ നടക്കുന്നത്. ഉത്തരവാദിത്വപ്പെട്ട പാർട്ടി സ്ഥാനത്തിരിക്കുന്നയാൾ സ്പിരിറ്റ് കേസിൽ ഒന്നാം പ്രതിയാണ്. ജില്ലാ സെക്രട്ടറി സഖാക്കളെ തമ്മിൽ തല്ലിക്കുകയാണ്. ഏഴ് സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങൾ തങ്ങൾക്കൊപ്പമുണ്ട്. സ്പിരിറ്റ് കച്ചവടക്കാരനെ വേണ്ടെന്ന് പറഞ്ഞ് സംസ്ഥാന നേതൃത്വം തിരുത്തിയാൽ പാർട്ടിയിലേക്ക് വരും, ചെങ്കൊടി പിടിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശിയെയും പി.കെ.ശശി വിമർശിച്ചു. നീലച്ചിത്രം ജില്ലകൾ മറികടന്നപ്പോൾ ടി.എം.ശശിയെ ജില്ലാ സെക്രട്ടറി ജില്ലാ ഭരണാധികാരിയാക്കി. ഡി.വൈ.എഫ്‌.ഐ യൂത്ത് സെന്ററിൽ വച്ച് പ്രവർത്തകന് സെക്രട്ടറി കഞ്ചാവ് കൊടുത്തു. കള്ള് കൊടുത്തത് ഡിവൈ.എഫ്‌.ഐ പ്രസിഡന്റാണ്. ഇത്തരത്തിലാണ് പാലക്കാട്ടെ പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. എസ്.എഫ്‌.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ഭീഷണി ഇങ്ങോട്ട് വേണ്ടെന്നും ശശി പറഞ്ഞു.കോടിയേരി ജീവിച്ചിരുന്നുങ്കിൽ ഈ ഗതി പാർട്ടിക്കുണ്ടാവുമായിരുന്നില്ലെന്നും എം.വി. ഗോവിന്ദനെ കുത്തി ശശി പറഞ്ഞു.

കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ടിന് പുറമേ വോയ്സ് ഒഫ് വടക്കഞ്ചേരി, മണ്ണാർക്കാട്ടെ ജനകീയ മതേതര മുന്നണി എന്നീ വിമത കൂട്ടായ്മകളും അഞ്ഞൂറിലധികം പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു.