യുദ്ധക്കപ്പൽ മുക്കിയതിന് പ്രതികാരം : യു.എസ് എണ്ണക്കപ്പൽ കത്തിച്ച് ഇറാൻ

Friday 06 March 2026 12:24 AM IST

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ യുദ്ധക്കപ്പൽ മുക്കിയതിന് പ്രതികാരമായി,​ വടക്കൻ പേർഷ്യൻ ഉൾക്കടലിൽ യു.എസിന്റെ എണ്ണക്കപ്പൽ മിസൈലാക്രമണത്തിലൂടെ 'കത്തിച്ചെന്ന്" ഇറാൻ. ഇന്നലെ രാവിലെയായിരുന്നു ആക്രമണം. യു.എസ് പ്രതികരിച്ചിട്ടില്ല.

ഇറാക്കിലെ ഖോർ അൽ സുബൈർ തുറമുഖത്തിനു സമീപം എണ്ണ ടാങ്കർ ആക്രമിക്കപ്പെട്ടെന്ന് യു.കെ അറിയിച്ചു. ബഹമാസ് പതാക വഹിക്കുന്ന 'സൊനാൻഗോൽ നമീബേ" എന്ന കപ്പലാണിതെന്നാണ് വിവരം. ടാങ്കറിലെ എണ്ണ കടലിലേക്ക് ചോർന്നെന്ന് വാർത്ത പ്രചരിച്ചെങ്കിലും എണ്ണ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പിന്നീട് അറിയിച്ചു. ജീവനക്കാർ സുരക്ഷിതരെന്ന് സൂചന. യു.എസ് കമ്പനികളുമായോ സഖ്യരാജ്യങ്ങളുമായോ ബന്ധമുള്ള കപ്പലുകളെയും ഇറാൻ ആക്രമിക്കുകയാണ്.

ബുധനാഴ്ച പുലർച്ചെ ശ്രീലങ്കയ്ക്ക് സമീപം അന്തർവാഹിനി ടോർപിഡോ ഉപയോഗിച്ച് അമേരിക്ക തകർത്ത ഇറാൻ നാവിക സേനയുടെ 'ഐറിസ് ദേന" യുദ്ധക്കപ്പലിലെ 61നാവികർക്കായി തെരച്ചിൽ തുടരുകയാണ്. 87 സേനാംഗങ്ങൾ കൊല്ലപ്പെട്ടു. 32 പേരെ രക്ഷിച്ചു. മൃതദേഹങ്ങൾ ശ്രീലങ്ക ഉടൻ കൈമാറും.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായാണ് ശത്രുക്കപ്പലിനെ ടോർപിഡോ ഉപയോഗിച്ച് യു.എസ് തകർത്തതെന്ന് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് പറഞ്ഞു. യു.എസ് തകർത്ത ഇറാനിയൻ കപ്പലുകളുടെ എണ്ണം 20 കടന്നു.

ഇറാൻ നാവികർക്ക് ശ്രീലങ്കയിൽ അഭയം

ഇറാൻ നാവിക സേനയുടെ 'ഐറിസ് ബുഷെഹർ' എന്ന കപ്പലിലെ 208 നാവികർക്ക് അഭയം നൽകി ശ്രീലങ്ക. ഇന്നലെ കൊളംബോയ്ക്ക് തെക്ക് 20 മൈൽ അകലെ ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് അപ്പുറത്ത് എത്തിയ ബുഷെഹർ, യു.എസിന്റെ ആക്രമണ ഭീഷണി കണക്കിലെടുത്ത് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. എൻജിൻ പ്രശ്നമുണ്ടെന്നും അറ്റകുറ്റപ്പണി നടത്തണമെന്നും കപ്പൽ ശ്രീലങ്കയെ അറിയിച്ചു. ഇതോടെ ട്രിങ്കോമാലിയിലേക്ക് അടുപ്പിക്കാൻ ശ്രീലങ്കൻ സർക്കാർ കപ്പലിന് അനുമതി നൽകി. ലോജിസ്റ്റിക്കൽ സഹായ കപ്പലായ ബുഷെഹറും വിശാഖപ്പട്ടണത്ത് നാവികാഭ്യാസം കഴിഞ്ഞ് ഇറാനിലേക്ക് മടങ്ങുകയായിരുന്നു.

ഖമനേയി വധം: അഞ്ചാം ദിവസം

ഇന്ത്യയുടെ അനുശോചനം

ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ട് അഞ്ചാം ദിവസം അനുശോചിച്ച് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസിയിലെത്തി അനുശോചനം അറിയിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ സംസാരിച്ചു. ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ട വിക്രം മിസ്രി, ഇറാനിയൻ അംബാസഡർ മുഹമ്മദ് ഫത്താലിയുമായി കൂടിക്കാഴ്‌ച നടത്തി. ഖമനേയിയുടെ മരണത്തെത്തുടർന്ന് ഡൽഹി എംബസിയിൽ ഇറാൻ പതാക പകുതി താ‌‌ഴ്ത്തി‌ക്കെട്ടി.

ഐറിസ് ദേന തകർത്തതിന് യു.എസ് കഠിനമായി ഖേദിക്കേണ്ടി വരും

- അബ്ബാസ് അരാഗ്ചി,

വിദേശകാര്യ മന്ത്രി, ഇറാൻ