കാന്തപുരത്തിന്റെ യുനാനി കോളേജിന് എയ്ഡഡ് പദവി

Friday 06 March 2026 12:36 AM IST

തിരുവനന്തപുരം: കോഴിക്കോട് പുതുപ്പാടിയിലെ മർക്കസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോളേജായതുകൊണ്ടാണ് എയ്ഡഡ് പദവി അനുവദിക്കുന്നതെന്ന് സർക്കാർ വിശദീകരണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കാന്തപുരം എ.പി അബൂബക്കർ മുസല്യാരുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഒപ്പം നിറുത്താനുള്ള രാഷ്ട്രീയ നീക്കമാണെന്നും ആക്ഷേപമുണ്ട്. സ്വാശ്രയ കോളേജിന് എയ്ഡഡ് പദവി നൽകുന്നതോടെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം സർക്കാർ നൽകേണ്ടിവരും. സർക്കാർ ചട്ടങ്ങൾ പാലിക്കാതെ നിയമനങ്ങൾ നടത്തുകയും വൻതുക ഫീസീടാക്കുകയും ചെയ്യുന്ന സ്വാശ്രയ സ്ഥാപനത്തിന്റെ ശമ്പള ചെലവുകൾ സർക്കാർ ഏറ്റെടുക്കുന്നത് ഖജനാവിന് വൻ ബാധ്യതയാകുമെന്ന വിമർശനം ഉയരുന്നുണ്ട്.

അടുത്തിടെ മന്ത്രിമാരായ പി.രാജീവ്, പി.എ മുഹമ്മദ് റിയാസ് എന്നിവർ കാന്തപുരത്തെ സന്ദർശിച്ചിരുന്നു. ബേപ്പൂർ ഉൾപ്പെടെ മലബാറിലെ പല നിയോജക മണ്ഡലങ്ങളിലും കാന്തപുരം വിഭാഗത്തിന് നിർണായക സ്വാധീനമുണ്ട്. എയ്ഡഡ് പദവിക്കായി സമുദായ സംഘടനകളുടേത് ഉൾപ്പെടെ നിരവധി അപേക്ഷകൾ സർക്കാരിനു മുന്നിലുണ്ടെങ്കിലും സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പരിഗണിച്ചിരുന്നില്ല.