ഭിന്നശേഷി സംവരണ നിയമനം രണ്ടാംഘട്ട നിയമന നടപടി വേഗത്തിലാക്കാൻ ഉത്തരവ് നിയമന ശുപാർശ 16നും 17നും

Friday 06 March 2026 12:40 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിനുള്ള രണ്ടാംഘട്ട നിയമന ശുപാർശകൾ 16, 17 തീയതികളിലായി നൽകാൻ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. അക്കാ‌ഡമിക വർഷം അവസാനിക്കുന്നതിന് മുൻപ് നിയമനം പൂർത്തിയാക്കാനാണിത്. നിയമന ഉത്തരവ് കിട്ടിയാലുടൻ ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിക്കണം.

നിയമനത്തിനായി എംപ്ളോയ്മെന്റ് പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾക്ക് 11 മുതൽ 15വരെ സമന്വയ പോർട്ടൽ വഴി ഓപ്ഷനുകൾ മാറ്റാൻ അവസരമുണ്ടാകും. മാനസിക അസ്വാസ്ഥ്യമുള്ളവർ, ബഹുവിധ വൈകല്യമുള്ളവർ എന്നീ വിഭാഗങ്ങൾക്ക് സംയുക്ത സീനിയോറിറ്റി ലിസ്റ്റ് വഴിയാണ് നിയമനം നൽകുന്നത്. ഇവർക്ക് പത്തു വർഷത്തെ പ്രായപരിധി ഇളവ് അനുവദിച്ചിട്ടുണ്ട്. നിലവിലെ ലിസ്റ്റിന്റെ കാലാവധി 2026 മേയ് 31 വരെയാണ്.

പല തവണയായി ജില്ലാതല സമിതി കൺവീനർമാർ ഒഴിവുകൾ നൽകിയിട്ടുണ്ടെങ്കിൽ അതിനെ ഒറ്റ സ്റ്റേജായി കണക്കാക്കും. മാനേജർമാർ നൽകിയ 555 ഒഴിവുകൾ അവിടെതന്നെ ഉറപ്പുവരുത്തിയിട്ടില്ലാത്തതും, മാനേജർമാർ ഉറപ്പുവരുത്തിയ 617 ഒഴിവുകൾ വിദ്യാഭ്യാസ ഓഫീസർമാർ വെരിഫൈ ചെയ്തിട്ടില്ലാത്തതും ഗൗരവമായ വീഴ്ചയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിൽ പറയുന്നു.

ഒൻപതുവരെ മാനേജർമാർ നൽകുന്ന ഒഴിവുകൾ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് 10നുതന്നെ ഉറപ്പാക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് നൽകണമെന്നും നിർദ്ദേശിച്ചു. 10വരെ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ഒഴിവുകളും രണ്ടാംഘട്ടത്തിലേക്ക് പരിഗണിക്കും.

വീഴ്ച വരുത്തിയാൽ നടപടി

നിയമന ശുപാർശ ലഭിച്ചിട്ടും ഉദ്യോഗാർത്ഥികളെ ജോലിയിൽ പ്രവേശിപ്പിക്കാത്ത മാനേജർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദ്ദേശം നൽകി. വീഴ്ച വരുത്തുന്ന മാനേജർമാരുടെ അധികാരം താത്കാലികമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാരെ ഏൽപ്പിക്കും. അവർവഴി നിയമന നടപടികൾ പൂർത്തിയാക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടും.