കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം
കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളേജിൽ ആർട്‌സ് ഡേ നടത്തുന്നതിനെച്ചൊല്ലിയുള്ള തർക്കം എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷത്തിൽ കലാശിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും ഉൾപ്പെടെ 11 പേർക്ക് മർദ്ദനമേറ്റു. സംഘർഷത്തെത്തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.
വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ആർട്‌സ് ഡേയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇരുവിഭാഗങ്ങൾ ഹെൽമെറ്റുകൾ ഉപയോഗിച്ച് ഏറ്റുമുട്ടുകയുമായിരുന്നു. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ധ്യാപകർക്കും ജീവനക്കാർക്കും മർദ്ദനമേറ്റത്. മൂക്കിന് പരിക്കേറ്റ ഒരു അദ്ധ്യാപകൻ ചികിത്സ തേടി. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് എബിൻ ഷാജി, യൂണിറ്റ് ഭാരവാഹികളായ മിലൻ പാപ്പച്ചൻ, ജിബിൻ ഷാജൻ, അയൂബി, ബിബിൻ ഷിബു എന്നിവർക്കും എസ്.എഫ്.ഐ ഭാരവാഹികളായ ആദിത്യൻ, കാർത്തിക, അലൻ എ. കൃഷ്ണ എന്നിവർക്കുമാണ് പരിക്കേറ്റത്. എബിൻ ഷാജിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോളേജിന് പുറത്തുള്ളവരും ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരും അക്രമത്തിൽ പങ്കെടുത്തതായി കെ.എസ്.യു ആരോപിച്ചു.
പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. പരിക്കേറ്റവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാ കാലയളവായതിനാൽ സ്കൂളുകളെ ബന്ദിൽ നിന്ന് ഒഴിവാക്കി.