പൊതുമേഖലാ, സഹ.മേഖലയിലെ ആരോഗ്യ ഇൻഷ്വറൻസ് ഉടൻ തിരഞ്ഞെടുപ്പിന് മുമ്പേ നടപ്പാക്കാൻ നീക്കം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് പൊതുമേഖലാ സ്ഥാപനങ്ങളിലേയും സഹകരണ സ്ഥാപനങ്ങളിലേയും ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ സർക്കാർ നീക്കം. സംസ്ഥാന ജീവനക്കാർക്കുള്ള മെഡിസെപ് മാതൃകയിൽ നടപ്പാക്കാൻ ഇൻഷ്വറൻസ് കമ്പനികളുമായി ചർച്ച തുടങ്ങി. കമ്പനികളോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാനാണ് നീക്കം. ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.
കുറഞ്ഞ പ്രീമിയം ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കി പരമാവധി ചികിത്സാസഹായം നൽകണമെന്നാണ് സർക്കാർ ആവശ്യം. പ്രീമിയം തുക വർദ്ധിപ്പിക്കണമെന്നാണ് ഇൻഷ്വറൻസ് കമ്പനികളുടെ നിലപാട്. ഇക്കാര്യത്തിൽ ഈ ആഴ്ച ഒരിക്കൽക്കൂടി ചർച്ച നടത്താമെന്ന് സഹകരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. മെഡിസെപ് പദ്ധതി ആദ്യം നടപ്പാക്കിയപ്പോഴുണ്ടായ പാകപ്പിഴയുണ്ടാകരുതെന്ന് ധനവകുപ്പ് സഹകരണ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ആഴ്ച നടത്തുന്ന ചർച്ചയിൽ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ കൂടി പങ്കെടുക്കും. ഇതിനുശേഷമാകും പ്രീമിയത്തിന്റെ കാര്യത്തിൽ ധാരണയിലെത്തുക. ജി.എസ്.ടി ഒഴിവാക്കിയതോടെ മെഡിസെപ്പിൽ 687 രൂപയാണ് ഗുണഭോക്താക്കൾ പ്രതിമാസം നൽകേണ്ടത്. ഇതിലും കുറഞ്ഞ പ്രീമിയമാണ് പൊതുമേഖലാ, സഹകരണ മേഖല ജീവനക്കാർക്കായുള്ള പ്രത്യേക പദ്ധതിയിൽ സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ പ്രീമിയം കുറഞ്ഞാൽ, 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ അസാദ്ധ്യമാണെന്നാണ് ഇൻഷ്വറൻസ് കമ്പനികളുടെ നിലപാട്.