സ്വർണപ്രഭ വിതറി ഗുരുവായൂരപ്പൻ എഴുന്നള്ളി

Friday 06 March 2026 12:59 AM IST

ഗുരുവായൂർ: സ്വർണക്കോലത്തിലെഴുന്നള്ളിയ കണ്ണനെ ദർശിച്ച് സായൂജ്യമടയാൻ ഭക്തജനസഹസ്രങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ഗുരുവായൂർ ഉത്സവത്തിന്റെ ആറാം ദിനമായ ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന കാഴ്ചശീവേലിക്കാണ് സ്വർണക്കോലം എഴുന്നള്ളിച്ചത്. ദേവസ്വം ആനത്തറവാട്ടിലെ കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി. കൊമ്പന്മാരായ ദേവദാസും അക്ഷയ് കൃഷ്ണനും പറ്റാനകളായി.

എഴുന്നള്ളിപ്പിന് പെരുവനം കുട്ടൻമാരാർ, തിരുവല്ല രാധാകൃഷ്ണൻ, കോട്ടപ്പടി സന്തോഷ് മാരാർ എന്നിവരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി. ഉത്സവം കഴിയും വരെ കാഴ്ചശീവേലിക്കും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഗ്രാമപ്രദക്ഷിണത്തിനും സ്വർണക്കോലം എഴുന്നള്ളിക്കും. ക്ഷേത്രത്തിലെ വിശേഷദിവസങ്ങളായ ഉത്സവം, അഷ്ടമിരോഹിണി, ഏകാദശി എന്നീ വിശേഷ ദിവസങ്ങളിൽ മാത്രമാണ് സ്വർണക്കോലം എഴുന്നള്ളിക്കുന്നത്.

പത്ത് കിലോഗ്രാം സ്വർണം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കോലത്തിൽ നടുവിലായി മുരളി ഊതി നിൽക്കുന്ന ഉണ്ണിക്കൃഷ്ണനും, ചുറ്റുഭാഗത്തായി വീരശൃംഖലയും, തുറന്ന ഭാഗത്ത് മരതകപ്പച്ചയും, സ്വർണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട്.