കെ.എസ്.എഫ്.ഇ ഇനി ടെക്‌നോപാർക്കിലും

Friday 06 March 2026 1:07 AM IST

തിരുവനന്തപുരം: പുതിയകാലത്തെ മാറുന്ന സമ്പാദ്യശീലങ്ങൾ ഉൾക്കൊണ്ട് ആരംഭിച്ച കെ.എസ്.എഫ്.ഇയുടെ 685-ാം ശാഖ ടെക്‌നോപാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സാങ്കേതികവിദ്യയുടെ വലിയ പരിവർത്തന ഘട്ടത്തിലൂടെയാണ് കെ.എസ്.എഫ്.ഇ കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഉറപ്പുനൽകുന്ന വിശ്വാസ്യതയാണ് കെ.എസ്.എഫ്.ഇയുടെ മുഖമുദ്രയെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.സാങ്കേതിക വൈദഗ്ദ്ധ്യത്തോടെ തൊഴിലെടുക്കുന്ന തലമുറയെ സമ്പാദ്യശീലങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് ടെക്‌നോപാർക്ക് ശാഖ ആരംഭിച്ചതെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ പറഞ്ഞു. നവീന ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ പുതുതലമുറ ധനകാര്യ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന പ്രവർത്തനം കാഴ്ചവയ്ക്കാൻ സ്ഥാപനത്തിന് കഴിയുമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ പറഞ്ഞു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സുനിൽ എസ്.എസ്,കെ.എസ്.എഫ്.ഇ ഡയറക്ടർ ഡോ. കെ. ശശികുമാർ, തൊഴിലാളി സംഘടന നേതാക്കളായ മുരളീകൃഷ്ണ പിള്ള.എസ്, സൽജബിൽ കെ.ബി, വിനോദ്.എസ്, സുശീലൻ.എസ് തുടങ്ങിയവർ പങ്കെടുത്തു.