ഗൾഫിലേക്കുള്ള മടക്കയാത്രയ്ക്ക് കേന്ദ്രത്തെ സമീപിക്കും:മുഖ്യമന്ത്രി

Friday 06 March 2026 1:10 AM IST

തിരുവനന്തപുരം. ഇറാൻ-ഇസ്രയേൽ -അമേരിക്ക സംഘർഷത്തെതുടർന്ന് നാട്ടിൽ നിന്ന് ഗൾഫിലേക്ക് മടങ്ങിപ്പോകാൻ കഴിയാതായ മലയാളികൾക്ക് യാത്രാസൗകര്യം ഒരുക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനു പരിമിതിയുണ്ട്. വിമാന സർവീസുകളുടെ കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അതേസമയം നാട്ടിലെത്തുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ നൽകും.പശ്ചിമേഷ്യയിലെ മലയാളി കൂട്ടായ്മയുമായി താൻ ബന്ധപ്പെട്ടപ്പോൾ വലിയ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് അവരെല്ലാം പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അവർ ശ്രദ്ധയിൽപ്പെടുത്തിയത് വാർത്തകൾ അതിവൈകാരികത കലർത്തി മാദ്ധ്യമങ്ങൾ നൽകരുതെന്നാണ്.അതാണ് തനിക്ക് മാദ്ധ്യമങ്ങളോട് അഭ്യർത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളകൗമുദി ഉൾപ്പെടെയുള്ള കേരളത്തിലെ മാദ്ധ്യമ മേധാവികളുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ഗൾഫ് മേഖലയിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ഉത്ക്കണ്ഠ ആവശ്യമില്ല. എന്നാൽ

നാട്ടിലുള്ള ബന്ധുക്കളിൽ ഭീതി പരത്തുംവിധം വാർത്തകൾ നൽകരുത്.ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. മലയാളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ ലഭ്യമാക്കാൻ നോർക്കയോടും പ്രവാസികാര്യ വകുപ്പിനോടും നിർദ്ദേശിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.