മന്ത്രിക്കെതിരായ വധശ്രമം:: കെ.എസ്.യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന പരാതിയിൽ വധശ്രമക്കേസിൽ റിമാൻഡിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ കണ്ണൂർ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വൈകിട്ട് 4 മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. റെയിൽവേ പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കണ്ണൂർ സി.ജെ.എം (രണ്ട്) കോടതി കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ്, അഹമ്മദ് യാസീൻ എന്നിവരെ കസ്റ്റഡിയിൽ വിട്ടത്. കണ്ണൂർ റെയിൽവേ സ്റ്റേഷനടക്കം വിവിധ ഇടങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ആരോഗ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മന്ത്രിയുടെ ഗൺമാൻ അഭിലാഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികൾ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകി. കണ്ണൂർ സി.ജെ.എം (രണ്ട്) കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.