പട്ടുടയാട
Sunday 08 March 2026 12:35 AM IST
യുദ്ധം, റീലിൽ കാണാൻ
നല്ല രസമാണ്.
പരുന്ത് മുട്ടയിട്ടുകൊണ്ട്
പറക്കുമ്പോലെ
വിമാനങ്ങൾ ബോംബു
വർഷിക്കുന്നതു കാണാൻ
എന്തു ചേലാണ്!
വല്ലാത്ത പുകച്ചുരുളുകൾ
പക്ഷേ, നഷ്ടമാണ്.
ഒരു ഭംഗിയുമില്ല, അവയ്ക്ക്-
ഡേറ്റ വെറുതേ പോകും.
ഇപ്പോൾ പുകച്ചുരുളുകൾ
മാഞ്ഞു! യ്യോ...
അക്കാണുന്ന തകർന്ന വീട്
എന്റേതാണല്ലോ.
മുറ്റത്തെ അയയിൽ അനാഥപ്പെട്ട
കുഞ്ഞുടുപ്പും പട്ടുപാവാടയും
എന്റെ കുഞ്ഞാവയുടേതല്ലേ?
അതിൽ നിറയെ ചോരയുടെ
പുള്ളികളാണല്ലോ.
ദൈവമേ,
കാഴ്ച മങ്ങുന്നുവല്ലോ; ഒന്നും
കാണാനാവുന്നില്ലല്ലോ...