എങ്ങനെയും സുധാകരനെ അനുനയിപ്പിച്ചേ പറ്റൂ, വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി സി എസ് സുജാത, പാലം ഉദ്ഘാടനത്തിൽ മുഖ്യാതിഥിയാക്കി
ആലപ്പുഴ: പാർട്ടി അംഗത്വം ഉപേക്ഷിച്ച മുൻ മന്ത്രി ജി സുധാകരനെ ഏതുവഴിയെയും അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളുമായി സിപിഎം. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഇന്നുരാവിലെ സുധാകരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചതാണ് ഇതിൽ ഒടുവിലത്തേത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിശങ്കറും സുജാതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടുനിന്നു. പാർട്ടി വിടുന്നു എന്ന് പരസ്യമായി പ്രതികരിച്ചശേഷം ഇതാദ്യമായാണ് സിപിഎമ്മിന്റെ ഒരു മുതിർന്ന നേതാവ് സുധാകരനെ വീട്ടിലെത്തി കാണുന്നത്.
ഒരു പരിപാടിയിലും പങ്കെടുപ്പിക്കുന്നില്ല എന്ന സുധാകരന്റെ പരാതിക്ക് പരിഹാരമെന്നോണം നാളെ ഉദ്ഘാടനം നടക്കുന്ന പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹത്തെ മുഖ്യാതിഥിയാക്കുകയും ചെയ്തു.പോസ്റ്ററിൽ അദ്ദേഹത്തിന്റെ ഫോട്ടായും ഉൾപ്പെടുത്തി.മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങിലേക്ക് സുധാകരനെ നേരിട്ട് ഫോൺവിളിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ സുധാകരൻ ചടങ്ങിൽ എത്തില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നാളെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനെ നേരിൽക്കാണുമെന്നും കേൾക്കുന്നുണ്ട്.
അനുനയത്തിന്റെ ഭാഗമായി പാർട്ടിയിലെ മുതിർന്ന നേതാക്കൾ സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ അവർ പറയുന്നത് കേൾക്കുകയല്ലാതെ അദ്ദേഹം തിരിച്ചൊന്നും പറഞ്ഞില്ലെന്നാണ് അറിയുന്നത്. ജില്ലയിൽ വളരെയേറെ ജനപിന്തുണയുള്ള മുതിർന്ന നേതാവ് പാർട്ടിക്ക് എതിരെ നിന്നാലുള്ള ഭവിഷ്യത്ത് മുന്നിൽക്കണ്ടാണ് തിരക്കിട്ട അനുനയനീക്കവുമായി പാർട്ടി നേതാക്കൾ രംഗത്തെത്തിയത്. അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരൻ സ്വതന്ത്രനായി ജനവിധി തേടിയേക്കും എന്നും റിപ്പോർട്ടുണ്ട്. യു ഡി എഫിന്റെയോ ബി ജെ പിയുടെയോ പിന്തുണയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വ്യക്തിയെന്ന നിലയിൽ മത്സരിക്കും. ആർക്കുവേണമെങ്കിലും പിന്തുണയ്ക്കാം. പാർട്ടി വിരുദ്ധനാവില്ല എന്നതാണ് നിലപാട്.
സുധാകരൻ ഇടഞ്ഞുനിന്നാൽ അത് ആലപ്പുഴ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണിയെ ബാധിക്കുമെന്ന് സിപിഎമ്മിന് നന്നായി അറിയാം. മൂന്നാമൂഴം ഉറപ്പിച്ച് മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ സുധാകരനെ അകറ്റിനിറുത്തുന്നത് ആത്മഹത്യാപരമാണെന്നും അവർക്കറിയാം. പ്രത്യേകിച്ചും സുധാകരന്റെ മനസിലിരുപ്പറിഞ്ഞ് യു ഡി എഫ് ശ്രദ്ധയോടെ കരുക്കൾ നീക്കുമ്പോൾ.