കെഎസ്ആർടിസി പരസ്യത്തിൽ അഭിനയിക്കാൻ മോഹൻലാൽ എത്ര രൂപ വാങ്ങി? തുറന്നുപറഞ്ഞ് ഗണേശ് കുമാർ

Friday 06 March 2026 1:04 PM IST

ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ കെഎസ്‌ആർടിസിയുടെ പരസ്യം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. മലയാളികളുടെ പ്രിയങ്കരനായ നടൻ മോഹൻലാൽ ആണ് അതിൽ അഭിനയിച്ചിരിക്കുന്നത്. അദ്ദേഹം പരസ്യത്തിൽ അഭിനയിക്കാൻ വാങ്ങിയ പണത്തെക്കുറിച്ച് തുറന്നുപറയുകയാണ് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

'തുടക്കം സിനിമയിലെ ഫൈറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെ ഞാൻ ലാലേട്ടനോട് ചോദിച്ചു കെഎസ്‌ആർടിസിയുടെ ബ്രാൻഡ് അംബാസ്‌ഡർ ആകാമോയെന്ന്. അദ്ദേഹം പറഞ്ഞു മോനേ ബ്രാൻഡ് അംബാസ്‌ഡർ ആകുമ്പോൾ പൈസ കൊടുക്കണം അതുകൊണ്ട് ഗുഡ്‌വിൽ അംബാസ്‌ഡറാകാമെന്ന്. ഒരു പൈസയും അദ്ദേഹം വാങ്ങിയില്ല. പ്രിയദർശനും വാങ്ങിയില്ല. അവരാണ് പരസ്യം ഷൂട്ട് ചെയ്‌തത്. ഇത് ചിത്രീകരിച്ചതും സൗജന്യമായാണ്.

കെഎസ്‌ആർടിസി സിഎംഡിയും അന്നുണ്ടായിരുന്നു. തൊടുപുഴയിൽ വച്ചായിരുന്നു ഷൂട്ടിംഗ്. സിനിമ ചിത്രീകരിക്കുന്നതിന് വേണ്ടിയുള്ള ലൈറ്റും ക്യാമറയും എല്ലാം ഉപയോഗിച്ചാണ് പരസ്യം ഷൂട്ട് ചെയ്‌തത്. ലാലേട്ടൻ രാവിലെ ആറ് മണിക്കെത്തി പ്രിയദർശൻ അഞ്ചരയ്‌ക്കും.

ഷൂട്ട് ചെയ്യാൻ ചെലവായതിന്റെ ബില്ലെങ്കിലും കൊടുത്തില്ലെങ്കിൽ മോശമല്ലേ എന്നെനിക്ക് തോന്നി. ഞാൻ പറഞ്ഞതനുസരിച്ച് കെഎസ്‌ആർടിസി എംഡി പലതവണ ആന്റണി പെരുമ്പാവൂരിനെ വിളിച്ചെങ്കിലും അത് പറയാം എന്നൊക്കെ പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി'- ഗണേശ് കുമാർ പറഞ്ഞു.