ഇല്ല, നിർഭാഗ്യ ദേവത നിങ്ങളെ വിട്ടുപോയിട്ടില്ല മാർക്രം !

Saturday 07 March 2026 3:20 AM IST

കഴിഞ്ഞ വർഷം ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്ക നേടിയെടുത്തപ്പോൾ കാലങ്ങളായി അവരെ പിന്തുടരുന്ന ഐ.സി.സി ടൂർണമെന്റുകളിലെ കിരീ‌ടവരൾച്ചയ്ക്ക് അറുതിയായെന്നാണ് ക്രിക്കറ്റ് ആരാധകർ കരുതിയത്. എന്നാൽ ഒരു ലോകകപ്പ് കൂടി പിന്നിടുമ്പോൾ എയ്ഡൻ മാർക്രമും സംഘവും നിർഭാഗ്യദേവത തങ്ങളെ വിട്ടുപിരിഞ്ഞിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. പ്രാഥമിക റൗണ്ടിലെയും സൂപ്പർ എട്ടിലെയും എല്ലാ കളികളും ജയിച്ച് സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക അവിടെവച്ച് അപ്രതീക്ഷമായി ന്യൂസിലാൻഡിന് മുന്നിൽ അടിതെറ്റി വീഴുകയായിരുന്നു. പ്രാഥമിക റൗണ്ടിൽ നിഷ്കരുണം ഇതേ ന്യൂസിലാൻഡിനെ തോൽപ്പിച്ചവരാണ് ദക്ഷിണാഫ്രിക്ക. സൂപ്പർ എട്ടിൽ ആതിഥേയരായ ഇന്ത്യയേയും അട്ടിമറിക്കാരായി മുദ്രകുത്തിയ വിൻഡീസിനെയും സിംബാബ്‌വേയേയും ചവിട്ടിയരച്ചവർ. വൻമരങ്ങൾ പിഴുതെറിഞ്ഞ് മദിച്ചുവന്നവർ പുൽച്ചെടിയിൽ തട്ടിവീണപോലെ അവർ കിവീസിനോട് കീഴടങ്ങി പുറത്തേക്ക് പോകുമ്പോൾ മുൻകാല ഐ.സി.സി ടൂർണമെന്റുകളിലെ ദക്ഷിണാഫ്രിക്കയുടെ നിർഭാഗ്യ പ്രകടനങ്ങളും വീണ്ടും ചർച്ചയാവുകയാണ്. തുടക്കത്തിൽ വലിയ പ്രതീക്ഷകൾ ഉണർത്തുകയും നിർണായക മത്സരങ്ങളിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങുകയുമാണ് ദക്ഷിണാഫ്രിക്കക്കാരുടെ രീതി.

1992 ലോകകപ്പ്

വർണവിവേചനത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടിരുന്ന 22 വർഷത്തിന് ശേഷം ക്രിക്കറ്റിൽ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്ക 1992 ലോകകപ്പിന്റെ സെമിഫൈനലിൽ പുറത്തായത് അവിശ്വസനീയമായിരുന്നു. ഓസ്ട്രേലിയയുമായുള്ള സെമിഫൈനൽ മഴമൂലം തടസപ്പെടുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് ഏഴുപന്തിൽ 22 റൺസായിരുന്നു. മഴ മാറി കളി പുനരാരംഭിച്ചപ്പോൾ മഴനിയമപ്രകാരം ഒരു പന്തിൽ 22 റൺസ് എന്ന അസാദ്ധ്യമായ നിലയിലേക്ക് അത് മാറി.

1996 ലോകകപ്പ്

വെസ്റ്റ് ഇൻഡീസിനെതിരായ ക്വാർട്ടർ ഫൈനലിൽ 265 റൺസ് ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ 186/3 എന്ന നിലയിലായിരുന്നു. എന്നാൽ അവിടെവച്ച് നായകനായ ഹാൻസി ക്രോണ്യേയെ(40) നഷ്ടമായി. ശേഷിക്കുന്ന ആറുവിക്കറ്റുകൾ തുരുതുരാ പൊഴിഞ്ഞ് 19 റൺസിന്റെ തോൽവിയേറ്റുവാങ്ങി. സിപിന്നർമാരായ റോജർ ഹാർപ്പറും ജിമ്മി ആദംസും ചേർന്നാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ തകർത്തത്.

1999 ലോകകപ്പ്

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും നിർഭാഗ്യകരമായ ലോകകപ്പ് പുറത്താകൽ. എഡ്ജ്ബാസ്റ്റണിൽ ഓസ്ട്രേലിയയ്ക്ക് എതിരായസെമിഫൈനലിൽ 214 റൺസ് ചേസ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഓവറിൽ വേണ്ടത് 9 റൺസ്. ടൂർണമെന്റിൽ അതിഗംഭീരപ്രകടനം നടത്തിവന്ന ലാൻസ് ക്ളൂസ്നറും അവസാന ബാറ്റർ അലൻ ഡൊണാൾഡും ക്രീസിൽ. ലാസ്റ്റ് ഓവറിലെ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി ക‌ടത്തി ക്ളൂസ്നർ സ്കോർ തുല്യതയിലാക്കി. എന്നാൽ അടുത്തപന്തിൽ ഡൊണാൾഡ് അനാവശ്യമായി ഇറങ്ങിയോടി റൺഔട്ടായതോടെ മത്സരം ടൈ ആയി. സൂപ്പർ സിക്സ് റൗണ്ടിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതിന്റെ മികവിൽ ഓസ്ട്രേലിയ ഫൈനലിലെത്തി.

2007 ലോകകപ്പ്

ഗ്രേം സ്മിത്ത്, ഹെർഷലെ ഗിബ്സ്, എ.ബി ഡിവില്ലിയേഴ്സ്,മാർക്ക് ബൗച്ചർ തുടങ്ങിയവരൊക്കെയുണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ ടീം ഓസ്ട്രേലിയയ്ക്ക് എതിരായ സെമിയിൽ ആദ്യം ബാറ്റ് ചെയ്ത് അവിശ്വസനീയമായ രീതിയിൽ 149 റൺസിന് ആൾഔട്ടായി. 20 ഓവറോളം ബാക്കിനിൽക്കേ ഓസ്ട്രേലിയ ജയിച്ചു.

2009 ട്വന്റി-20 ലോകകപ്പ്

ന്യൂസിലാൻഡ്, ഇംഗ്ളണ്ട്, വെസ്റ്റ് ഇൻഡീസ്,ഇന്ത്യ എന്നിവരെയെല്ലാം തോൽപ്പിച്ച് സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക പാകിസ്ഥാനെതിരായ സെമിയിൽ 150 റൺസ് ചേസ് ചെയ്യാനാകാതെ ഷഹീദ് അഫ്രീദിയുടെ മാന്ത്രിക സ്പെല്ലിന് മുന്നിൽ വീണുപോയി.ഗിബ്സിനെയും ഡിവില്ലിയേഴ്സിനെയും അടുത്തടുത്ത ഓവറുകളിൽ മടക്കിഅയച്ച് ചേസിംഗിന്റെ മുനയൊടിക്കുകയായിരുന്നു അഫ്രീദി.

2011 ലോകകപ്പ്

ന്യൂസിലാൻഡിന് എതിരായ ക്വാർട്ടർ ഫൈനലിൽ ലക്ഷ്യം 222 റൺസ്. ഡിവില്ലിയേഴ്സ്,സ്മിത്ത്,ഡുപ്ളെസി, ഡിവില്ലിയേഴ്സ്, കാലിസ് എന്നിവരൊക്കെുണ്ടായിരുന്നിട്ടും 25 ഓവറിൽ 108/3 എന്ന നിലയിൽ ആയിരുന്നിട്ടും 172 റൺസിൽ ആൾഔട്ടായി. അവസാന ഏഴ് വിക്കറ്റുകൾ നിലംപൊത്തിയത് 64 റൺസിന്.

2013 ചാമ്പ്യൻസ് ട്രോഫി

സെമിഫനലിൽ ഇംഗ്ളണ്ടിന് എതിരെ 80/8 എന്ന നിലയിൽ നിന്ന് ഡേവിഡ് മില്ലറും റോറി ക്ളെയ്ൻവെൽറ്റും ചേർന്ന് 175ലെത്തിച്ചെങ്കിലും ജൊനാഥൻ ട്രോട്ടിന്റെ തിരിച്ചടിയി തകർന്നു.

2014 ട്വന്റി-20 ലോകകപ്പ്

സെമിഫൈനലിൽ ഇന്ത്യയോട് ആറുവിക്കറ്റ് തോൽവി. 172/4 എന്ന സ്കോർ ഉയർത്തിയ ദക്ഷിണാഫ്രിക്കയെ മറികടക്കാൻ ഇന്ത്യയെ തുണച്ചത് 44 പന്തുകളിൽ 72 റൺസുമായി പുറത്താകാതെനിന്ന വിരാട് കൊഹ്‌ലി.

2015 ലോകകപ്പ്

സെമിഫൈനൽ മടക്കടിക്കറ്റ് നൽകിയത് ന്യൂസിലാൻഡ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയത് 43 ഓവറിൽ 281/5 എന്ന സ്കോർ. മഴ നിയമപ്രകാരം 43 ഓവറിൽ 297 റൺസ് വേണ്ടിയിരുന്ന കിവീസിനെ ഡേൽ സ്റ്റെയ്ൻ എറിഞ്ഞ അവസാന ഓവറിന്റെ അഞ്ചാം പന്തിൽ സിക്സടിച്ച് വിജയത്തിലെത്തിച്ചു.

2022 ട്വന്റി-20 ലോകകപ്പ്

സൂപ്പർ 12 റൗണ്ടിൽ നെതർലാൻഡ്സിൽ നിന്ന് ഏറ്റ 13 റൺസിന്റെ തോൽവി ദക്ഷിണാഫ്രിക്കയുടെ സെമി കടക്കാതെയുള്ള പുറത്താകലിന് വഴിവച്ചു.

2023 ലോകകപ്പ്

ഗ്രൂപ്പ് റൗണ്ടിൽ ഓസ്ട്രേലിയയെ 134 റൺസിന് തോൽപ്പിച്ചിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പക്ഷേ സെമിഫൈനലിൽ ഇതേ എതിരാളികളെ മുന്നിൽകണ്ടപ്പോൾ പതർച്ച നേരിട്ടു.മൂന്ന് വിക്കറ്റിനായിരുന്നു തോൽവി. തുടർച്ചയായ അഞ്ചാം ഏകദിന ലോകകപ്പിലാണ് ദക്ഷിണാഫ്രിക്ക സെമിയിൽ പുറത്തായത്.

2024 ട്വന്റി-20 ലോകകപ്പ്

ഫൈനലിൽ ഇന്ത്യ ഉയർത്തിയ 176/7 ചേസ് ചെയ്തിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഓവറിൽ വേണ്ടിയിരുന്നത് 16 റൺസ്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഓവറിന്റെ അവസാനപന്തിൽ ബൗണ്ടറിലൈനിനരികിൽ സൂര്യകുമാറിന്റെ അസാമാന്യ ഡൈവിംഗ് ക്യാച്ചിലൂടെ മില്ലർ പുറത്തായി. അഞ്ചാം പന്തിൽ റബാദയേയും സൂര്യ പിടികൂടിയപ്പോൾ അവസാനപന്തിൽ 9 റൺസ് വേണമെന്നായി. ഒടുവിൽ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 169/8ൽ അവസാനിച്ചു.