കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷവാർത്ത, പ്രഖ്യാപനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

Friday 06 March 2026 6:57 PM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കുടിശികയുള്ള ഡി.എ നൽകുമെന്ന് അറിയിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിനായി ഗതാഗത വകുപ്പ് തീവ്രശ്രമം തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി. ജീവനക്കാർക്ക് അർഹമായ ഡി.എ നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായും ഗണേഷ് കുമാർ വെളിപ്പെടുത്തി,​

ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായ ഡി.എ നൽകാൻ എങ്ങനെയെങ്കിലും പണം ഒപ്പിക്കാനാണ് ശ്രമിക്കുന്നത്. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ പക്കൽ ഇതിനാവശ്യമായ തുകയില്ലാത്തതിനാൽ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോൾ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലുമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും ഗണേഷ് കുമാർ പറഞ്ഞു.

ശമ്പളം ഗഡുക്കളായി നൽകിയിരുന്ന രീതി മാറ്റി ഒന്നാംതീയതി തന്നെ ഒരുമിച്ച് നൽകാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. അടുത്ത ഘട്ടമായി ഡി.എ കൂടി നൽകി ജീവനക്കാരുടെ ആശങ്ക പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഡി.എ വിതരണം ചെയ്യാൻ കഴിയുമോ എന്നാണ് സർക്കാർ പരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.