ഇന്ധന വിലയ്‌ക്കൊപ്പം പ്രകൃതിവാതകവും പൊള്ളിക്കും; മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യം

Friday 06 March 2026 7:40 PM IST

ദോഹ: പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്ന സാഹചര്യം സമ്പദ്‌വ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് മുന്നറിയിപ്പ്. ആഗോളതലത്തില്‍ പ്രതിസന്ധിയുണ്ടാകുമെന്നാണ് ഖത്തറിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ഊര്‍ജ മന്ത്രി സാദ് അല്‍ കഅബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്താനുള്ള സാദ്ധ്യതയാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഗള്‍ഫില്‍ നിന്നുള്ള ഊര്‍ജ കയറ്റുമതി പൂര്‍ണമായും നിലയ്ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാമെന്നും ഖത്തര്‍ വ്യക്തമാക്കി.

ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടുവെന്ന് മന്ത്രി സ്ഥിരീകരിച്ചു. പ്രതിസന്ധിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും എത്തിയേക്കാം. ഖത്തറിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തിവരുകയാണെന്നും മന്ത്രി പറയുന്നു. ആക്രമണം അവസാനിച്ചാലും താറുമാറായ സംവിധാനങ്ങള്‍ പഴയനിലയിലേക്ക് പുനസ്ഥാപിക്കാന്‍ എത്ര സമയം വേണ്ടിവരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും പഴയനിലയിലേക്ക് എത്തിയാല്‍ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളു. എല്‍എന്‍ജി കയറ്റുമതിക്കായി ഖത്തര്‍ ഉപയോഗിക്കുന്ന 120ല്‍പ്പരം കപ്പലുകളില്‍ ആറെണ്ണം മാത്രമാണ് സജ്ജമായിട്ടുള്ളത്. സുരക്ഷാ കാരണങ്ങളാല്‍ ഖത്തര്‍ എനര്‍ജി തങ്ങളുടെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സൈനിക തലത്തില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാതെ പ്ലാന്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കില്ലെന്നും തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി.

ബാരലിന് 150 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തുമ്പോള്‍ അത് ഇന്ധന വിലയില്‍ കാര്യമായ വര്‍ദ്ധനവിലേക്ക് നയിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പെട്രോകെമിക്കല്‍സ്, വളം തുടങ്ങിയവയുടെ വിതരണം തടസ്സപ്പെടുന്നത് ലോകമെമ്പാടുമുള്ള നിര്‍മാണ മേഖലകളെയും ഫാക്ടറികളെയും പ്രതിസന്ധിയിലാക്കുമെന്നും ഖത്തറിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.