ചങ്ങമ്പുഴ തറവാട് മണ്ണിന് മുകളിൽ​ ഉയരും ഇനി അംബരചുംബി

Saturday 07 March 2026 12:46 AM IST
ചങ്ങമ്പുഴയുടെ തറവാട് ഉണ്ടായിരുന്ന സ്ഥലം ബഹുനിലമന്ദിര നിർമ്മാണത്തിനായി ഒരുക്കിയിട്ട നിലയിൽ

കൊച്ചി: മലയാളത്തിന്റെ പ്രണയകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇടപ്പള്ളിയിലെ തറവാടിരുന്ന ഭൂമിയിൽ ഇനി ഉയരുക ബഹുനില കെട്ടിടം.

'വിലസി വികതാലസം മൂന്നു സംവത്സരം വിജയനൊടു കൂടിയ നാട്ടിൻ പുറത്തു ഞാൻ ഒരു ചെറിയ കുഗ്രാമമാണെങ്കിലെന്തെനിയ്ക്ക് അരുതിനി മറക്കാൻ അവിടെയെൻ ജീവിതം..."

എന്ന് കവി എഴുതിയ ആ കുഗ്രാമത്തിലെ തറവാടും സ്ഥലവും പതിറ്റാണ്ടുകൾക്ക് മുമ്പേ കൈമാറ്റം ചെയ്യപ്പെട്ടതാണ്. ഇപ്പോഴത്തെ ഉടമകളാണ് ഇവ ഫ്ളാറ്റ് കമ്പനിക്ക് വിറ്റത്. ഈ വളപ്പിനോട് ചേർന്ന് തന്നെയാണ് ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള ചങ്ങമ്പുഴയുടെ സമാധി മന്ദിരം. കൃഷ്ണപിള്ള പിച്ചവച്ച് വളർന്നതും കാവ്യലോകത്തേക്ക് കാലൂന്നിയതും ഈ മണ്ണിലൂടെയാണ്.

കവിയായി തിളങ്ങിയപ്പോഴാണ് പേരിനൊപ്പം കൃഷ്ണപിള്ള തറവാടിന്റെ പേരും ചേർത്തത്. തുടക്കത്തിൽ ഇടപ്പള്ളിയെയും പിന്നീട് ചങ്ങമ്പുഴ എന്ന തറവാടിനെയും പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച പ്രിയകവി അകാലത്തിൽ പൊലിഞ്ഞപ്പോൾ മലയാളിക്കാക്കായി കവിതകളോടൊപ്പം ബാക്കിവച്ചതും ഇത് രണ്ടുമാണ്.

തലയെടുപ്പോടെ കവിയുടെ ഓർമ്മകൾ

ചങ്ങമ്പുഴയുടെ ജീവിതകാലത്ത് ഗ്രാമമായിരുന്ന പ്രദേശമിന്ന് നഗരത്തിരക്കിന്റെ ഭാഗമാണ്. ചങ്ങമ്പുഴ എന്നത് മാതാവ് പാറുക്കുട്ടിയമ്മയുടെ തറവാട്ടുപേരായിരുന്നു. മലരണിക്കാടും നീലനിലാവും വെള്ളിമേഘങ്ങളുമെല്ലാം കൃഷ്ണപിള്ളയുടെ മനോമുകുരത്തിൽ നുരഞ്ഞുപൊന്തിയത് ഈ തറവാട്ടിലെ റാന്തൽവിളക്കിന്റെ വെളിച്ചത്തിലായിരിക്കാം. ആ തറവാടും അതിരുന്ന സ്ഥലവും അന്യമായെങ്കിലും 23-ാം വയസിൽ പ്രസിദ്ധീകരിച്ച ആദ്യ കവിതാസമാഹാരമായ ബാഷ്പാഞ്ജലി മുതൽ 1948 ജൂൺ 6ന് പ്രസിദ്ധീകരിച്ച തീച്ചൂള വരെ 57 കൃതികളിലൂടെ മലയാളികളുള്ള കാലമത്രയും ചങ്ങമ്പുഴ എന്ന ശബ്ദം പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.

തറവാട് ഇല്ലാതായെങ്കിലും കൃഷ്ണപിള്ള ബാക്കിവച്ച ഓർമ്മകൾ നെഞ്ചേറ്റിയ കാവ്യാരാധകർ തീർത്ത സ്മാരകങ്ങൾ ഇടപ്പള്ളിയിൽ തലയെടുപ്പോടെ ബാക്കിയുണ്ട്. സമാധിസ്ഥലം, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, വിശാലമായ ഓപ്പൺ തിയേറ്റർ ഉൾപ്പെടെ നിരവധി കലാസാംസ്കാരിക സംഗമങ്ങൾക്ക് വേദിയായിക്കൊണ്ടിരിക്കുന്ന ചങ്ങമ്പുഴ പാർക്ക് എന്നിവയും നിത്യസ്മാരകങ്ങളാണ്. ജി.സി.ഡി.എയുടെ അധീനതയിലുള്ള ചങ്ങമ്പുഴ സമാധിസ്ഥലത്ത് മറ്റൊരു ബഹുനില സ്മാരകം തീർക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.