പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു എത്തുന്നു

Saturday 07 March 2026 1:08 AM IST
memu

പാലക്കാട്: യാത്രക്കാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു ട്രെയിൻ വരുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഫെയ്സ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ റൂട്ടിൽ പുതിയ ട്രെയിനു അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ കത്തും സുരേഷ് ഗോപി പങ്കുവച്ചു. പുതിയ ട്രെയിനിന്റെ സർവീസ്, സമയക്രമം തുടങ്ങിയ കാര്യങ്ങളിൽ പിന്നീട് വ്യക്തതയുണ്ടാകും. പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യമാണ്. മധുര ഡിവിഷൻ ഉണ്ടായിരുന്നപ്പോൾ പാലക്കാട്,​ കൊല്ലങ്കോട്, പൊള്ളാച്ചി വഴി മീറ്റർ ഗേജിൽ പത്തോളം യാത്രാ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. എന്നാൽ കോടികൾ ചിലവഴിച്ച് പാലക്കാട്-പൊള്ളാച്ചി ലൈൻ ഗേജ്‌മാറ്റം നടത്തി വൈദ്യുതീകരിച്ച ശേഷം യാത്രാ ട്രെയിനുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നിലവിൽ തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസ്(16343-44), പാലക്കാട്-തിരുച്ചെന്തൂർ എക്സ്‌പ്രസ്(16731-32), പാലക്കാട്-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്(22651-52) ട്രെയിനുകളാണ് പാലക്കാട്-പൊള്ളാച്ചി റൂട്ടിലുള്ളത്. കഴിഞ്ഞ മാസമാണ് പാലക്കാട്-ചെന്നൈ ട്രെയിനിന് കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിച്ചത്. അതേസമയം ഇതിൽ തിരുച്ചെന്തൂർ എക്സ്‌പ്രസ് മാത്രമേ കൊല്ലങ്കോട്, പുതുനഗരം, മുതലമട സ്റ്റേഷനുകളിൽ നിറുത്തുകയുള്ളു. മറ്റ് രണ്ട് ട്രെയിനുകൾക്ക് പാലക്കാടിനും പൊള്ളാച്ചിക്കുമിടയിൽ കൊല്ലങ്കോട് മാത്രമേ സ്റ്റോപ്പ് ഉള്ളു. ഈ റൂട്ടിൽ ഗുഡ്സ് ട്രെയിനുകൾ ഓടിക്കുമ്പോഴും ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാൻ മതിയായ യാത്രാ ട്രെയിനുകൾ അനുവദിക്കാതെ റെയിൽവേ ഒളിച്ചുകളിക്കുകയാണെന്നായിരുന്നു ആരോപണം. ഇതിനിടെ വലിയ ട്രെയിനുകൾ നിറുത്താനാകും വിധം കൊല്ലങ്കോട് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിനു നീളം കൂട്ടുകയും ചെയ്തു. എന്നിട്ടും കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിച്ചില്ലെന്ന പരാതികൾക്ക് വലിയൊരു പരിഹാരമായാണ് പുതിയ മെമു പ്രഖ്യാപിച്ചത്. ഈ റൂട്ടിലെ മറ്റു ട്രെയിനുകളെ അപേക്ഷിച്ച് മെമു ട്രെയിന് എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് ഉണ്ടാകുമെന്നതിനാൽ കൂടുതൽ യാത്രക്കാ‌ർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും. പുതുനഗരം, വടകന്നികാപുരം, കൊല്ലങ്കോട്, മുതലമട എന്നിവയാണ് ഈ റൂട്ടിൽ കേരളത്തിലുള്ള സ്റ്റോപ്പുകൾ. നിലവിൽ പാലക്കാട് നിന്ന് കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, എറണാകുളം, നിലമ്പൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കെല്ലാം മെമു/പാസഞ്ചർ ട്രെയിനുകളുണ്ട്.