പി.എസ്.സിയുടെ ഒരു മിനിറ്റ് ക്രൂരത: സർക്കാർ പ്രായശ്ചിത്തം; സൈജുവിന് ജോലിയായി

Saturday 07 March 2026 12:38 AM IST

കൊച്ചി: നഗരകാര്യ വകുപ്പിന്റെ നിയമന ശുപാർശ ഒരു മിനിട്ട് വൈകിയെന്ന പേരിൽ പി.എസ്.സി ജോലി അവസരം നിഷേധിച്ച എറണാകുളം ഉദയംപേരൂർ സ്വദേശിയും കാഴ്ച പരിമിതനുമായ പി.എസ്. സൈജുവിന് സർക്കാർ ജോലി നൽകി.തദ്ദേശ വകുപ്പിലെ എൽ.ഡി ക്ലാർക്ക് തസ്തികയിൽ എറണാകുളം ജില്ലയിൽ നിയമനം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

2022 ഡിസംബർ 10ന് കേരളകൗമുദിയാണ് സൈജുവിന്റെ ദുരവസ്ഥ പുറം ലോകത്തെ അറിയിച്ചത്. പിറ്റേന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷൻ പി.എസ്.സി സെക്രട്ടറിയെ ഒന്നാം കക്ഷിയും ജില്ലാ പി.എസ്.സി ഓഫീസറെ രണ്ടാം കക്ഷിയുമാക്കി കേസെടുത്തു,

ഒ.ബി.സി വിഭാഗത്തിൽപ്പെട്ട സൈജു മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. സപ്ലിമെന്ററി റാങ്ക് ലിസ്റ്റിൽ തൊട്ടു മുമ്പിലുള്ളയാൾ ജോലി

വേണ്ടെന്നറിയിച്ചിട്ടും ഫലമുണ്ടായില്ല.ഒഴിവുണ്ടെങ്കിൽ നിയമനം നൽകണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധിയും പരിഗണിച്ചില്ല. ഉദയംപേരൂരിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിക്കുന്ന സൈജുവിന് ചെറിയൊരു സ്റ്റേഷനറിക്കടയാണ് വരുമാന മാർഗം

എറണാകുളത്ത് എൽ.ഡി ക്ലാർക്ക് സപ്ലിമെന്ററി ലിസ്റ്റിൽ ഒമ്പതാമനായിരുന്നു സൈജു. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ച 2018 മാർച്ച് 31ന് ഒഴിവുകളെല്ലാം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു.സപ്ലിമെന്ററി ലിസ്റ്റിൽ എട്ടാം റാങ്കുകാരൻ എടവനക്കാട് സ്വദേശി കെ.കെ. ജവഹർ ജോലി വേണ്ടെന്ന് കത്തുനൽകിയത് സൈജു അറിയുന്നയ് അന്ന് രാവിലെ. കത്തിനെക്കുറിച്ചറിയില്ലെന്നും, നഗരകാര്യ ഡയറക്ടറേറ്റിൽ നിന്ന് അന്ന് രാത്രി 12ന് മുമ്പ് അറിയിപ്പ് ലഭിക്കാതെ ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു പി.എസ്.സി നിലപാട്.ജവഹറിനെ കണ്ടെത്തി വീണ്ടും നഗരകാര്യ ഡയറക്ടർക്ക് കത്തെഴുതിച്ചു. കത്ത് ലഭിച്ച വിവരവും നിയമന ശുപാർശയും തിരുവനന്തപുരത്തു നിന്ന് അർദ്ധരാത്രി 12.01ന് എറണാകുളത്ത് ലഭിച്ചു.

രണ്ട് ഒഴിവുകൾ എറണാകുളത്തുണ്ടെന്നും മാർച്ച് 31ന് രാത്രി അവസാനിക്കുന്നതു

വരെ റിപ്പോർട്ട് ചെയ്ത എല്ലാ ഒഴിവുകളും പരിഗണിക്കണമെന്നും ഡയറക്ടർ വീണ്ടും കത്തയച്ചു. ഒരു മിനിട്ട് വൈകിയത് സാങ്കേതിക പിഴവായിക്കണ്ടാൽ മതിയെന്നും പറഞ്ഞു. എന്നിട്ടും ജില്ലാ പി.എസ്.സി ജീവനക്കാരുടെ മനസലിഞ്ഞില്ല.

'ഒരുപാട് സന്തോഷം...കേരളകൗമുദിക്ക് നന്ദി.'

സൈജു