മീനമാസ പൂജകൾക്ക് ശബരിമലനട 14ന് തുറക്കും
പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമലനട 14ന് വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നിതെളിക്കും. മാളികപ്പുറം ക്ഷേത്രനട എം.ജി.മനുനമ്പൂതിരി തുറക്കും. 15ന് പുലർച്ചെ 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. കിഴക്കേമണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം,നെയ്യഭിഷേകം, വിവിധ പൂജകൾ. മീനമാസപൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നടയടയ്ക്കും. പൈങ്കുനി ഉത്ര ഉത്സവത്തിനായി 22ന് നടതുറക്കും. 23നാണ് കൊടിയേറ്റ്. മീനമാസ പൂജയ്ക്ക് നട തുറക്കുമ്പോഴും ഉത്സവകാലത്തും ശബരിമല സന്നിധാനത്ത് ഭക്തർക്ക് ഓൺലൈൻ റൂം ബുക്കിംഗ് ആരംഭിച്ചു. www.onlinetdb.com വഴിയാണ് ബുക്ക് ചെയ്യേണ്ടത്. സന്നിധാനത്ത് താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് പരമാവധി 14 ദിവസങ്ങൾക്കു മുമ്പ് വരെ ബുക്ക് ചെയ്യാം. എല്ലാ ദിവസവും രാത്രി 12ന് 14 ദിവസങ്ങൾ കഴിഞ്ഞുള്ള തീയതിയിലെ റൂം ബുക്കിംഗ് ഓപ്പണാകും. ദർശനത്തിന് www.sabarimalaonline.org വഴി വെർച്വൽ ക്യൂ സ്ലോട്ട് ബുക്ക് ചെയ്യണം.