തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന്റെ ഹർജി വിധി പറയാൻ മാറ്റി

Saturday 07 March 2026 12:43 AM IST

കൊച്ചി: കോടതിയിലിരുന്ന തൊണ്ടിമുതൽ തിരിമറി നടത്തിയെന്ന കേസിൽ കുറ്റക്കാരനെന്ന കോടതിയുടെ കണ്ടെത്തൽ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നൽകിയ ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആര് എപ്പോൾ എവിടെവച്ചാണ് തൊണ്ടിമുതലിൽ തിരിമറി നടത്തിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ലെന്ന് ആന്റണി രാജുവിനായി സീനിയർ അഭിഭാഷകൻ പി. വിജയഭാനു വാദിച്ചു. ആന്റണി രാജുവിന്റെ കൈവശം തൊണ്ടിമുതൽ ഇരിക്കുമ്പോഴാകണം കൃത്രിമം നടക്കാൻ സാദ്ധ്യതയുള്ളതെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. തൊണ്ടിമുതൽ തിരിമറി നടത്തിയതിൽ എന്താണ് സീനിയർ അഭിഭാഷകനെതിരെ നടപടി സ്വീകരിക്കാതെ ജൂനിയറായ ആന്റണി രാജുവിനെതിരെ നടപടി ഉണ്ടായതെന്ന് വാദം കേൾക്കവെ കോടതി വാക്കാൽ ചോദിച്ചു. തൊണ്ടിമുതൽ സ്വീകരിച്ചതും തിരിച്ചുനൽകിയതും ആന്റണി ആണെന്ന പേരിൽ എന്തിന് നടപടി ഉണ്ടായി എന്നും ചോദിച്ചു. തുടർന്നാണ് ഹർജി ഉത്തരവിനായി മാറ്റിയത്.

മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്ന കേസിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേട്ട് കോടതി മൂന്നുവർഷം തടവിന് ശിക്ഷിച്ചത്. ഇതിനെതിരെ നൽകിയ അപ്പീലിൽ കുറ്റക്കാരനായി കണ്ടെത്തിയത് മരവിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരനായി കണ്ടെത്തിയതോടെ എം.എൽ.എ അല്ലാതായതും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുള്ളതും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. മയക്കുമരുന്ന് കേസിൽ ആന്റണി രാജുവും വിദേശപൗരന്റെ അഭിഭാഷകനായിരുന്നു.

1990ലാണ് ഓസ്ട്രേലിയൻ പൗരനെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. ഇതിൽ തൊണ്ടിമുതലായിരുന്ന അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. രണ്ടാം പ്രതിയാണ് ആന്റണി രാജു.