ജി.സുധാകരനെ പരിഗണിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ജില്ലാസെക്രട്ടറി

Saturday 07 March 2026 12:25 AM IST

ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരനെ പാർട്ടി പരിപാടികളിലും പൊതുചടങ്ങുകളിലും പരിഗണിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് സി.പി.എം ജില്ലാസെക്രട്ടറി ആർ.നാസറിന്റെ തുറന്നുപറച്ചിൽ. ഇന്നലെ സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ കമ്മിറ്രിയോഗത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.

അംഗത്വം പുതുക്കാൻ വിസമ്മതിച്ചുകൊണ്ട്

പാർട്ടിക്കെതിരെ ജി. സുധാകരൻ നടത്തുന്ന പരസ്യ പ്രതികരണങ്ങൾ ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര ഉന്നയിച്ചതിന് മറുപടി പറയുകയായിരുന്നു നാസർ. പാർട്ടി ഓഫീസ് കേന്ദ്രീകരിച്ചുള്ള ബ്രാഞ്ച് അംഗമായ ജി.സുധാകരന് പാർട്ടി ഓഫീസിൽ മുറി അനുവദിച്ചിരുന്നെങ്കിലും ഓഫീസിലെത്താൻ താൽപ്പര്യം കാട്ടിയിരുന്നില്ലെന്ന് നാസർ വിശദീകരിച്ചു. പാർട്ടി പരിപാടികളിലും പൊതു പരിപാടികളുമായി ബന്ധപ്പെട്ടു നടന്ന ഉദ്ഘാടന ചടങ്ങുകളിലും പൊതുസമ്മതിയുള്ള മുൻ മന്ത്രി എന്ന നിലയിൽ സുധാകരന് വേദികൾ നൽകാതിരുന്നത് അനുചിതമായെന്നും നാസർ പറഞ്ഞു.

തിരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കെ, അരൂർ എം.എൽ.എ ദലീമ ജോജോയ്ക്കെതിരെ വിമർശനം ഉയർന്നു. പ്രാദേശിക നേതൃത്വവുമായി സഹകരിക്കാൻ തയ്യാറാകുന്നില്ലെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ തവണത്തെ സാഹചര്യമല്ലെന്നും ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികളാരെന്ന് അറിഞ്ഞശേഷം സി.പി.എം സ്ഥാനാർത്ഥി പ്രഖ്യാപനം മതിയായിരുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടി.

മനസ് തുറന്നില്ലെന്ന് സുജാത

പാർട്ടിയിൽ നിന്നുള്ള അവഗണനകൾ ചൂണ്ടിക്കാട്ടി ഫേസ് ബുക്ക് പോസ്റ്റിട്ട ജി. സുധാകരനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം മനസ് തുറന്നില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത കമ്മിറ്റിയിൽ അറിയിച്ചു. ഒന്നര മണിക്കൂറോളം സംസാരിച്ചെങ്കിലും പാർട്ടിയിൽ നിന്ന് പൊതുവിലും നേതൃത്വത്തിൽ ചിലരിലും നിന്നുണ്ടായ അവഗണനകളിൽ കടുത്ത വിഷമമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് സുജാത വെളിപ്പെടുത്തി. പാർട്ടി വിട്ടുപോകരുതെന്ന് അഭ്യർത്ഥിച്ചെങ്കിലും വ്യക്തമായ ഉറപ്പ് നൽകാൻ കൂട്ടാക്കിയില്ലെന്നും അവർ പറഞ്ഞു.