കേരള കോൺഗ്രസ് കൂടുതൽ സീറ്റിന് അർഹർ: മോൻസ് ജോസഫ്
കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു ലഭിച്ച സീറ്റുകൾ വെട്ടിക്കുറയ്ക്കേണ്ട സാഹചര്യമില്ലെന്ന് പാർട്ടി എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരമില്ലായിരുന്നു. പാർട്ടി ചിഹ്നമോ, എം.പിയോ ഇല്ലായിരുന്നു. എന്നിട്ടും പത്തു സീറ്റുനൽകി. ഇപ്പോൾ എം.പിയായി, പാർട്ടിക്ക് അംഗീകാരമായി. ചിഹ്നവും അനുവദിച്ചു. പിന്നെന്തിന് സീറ്റുകൾ കുറയ്ക്കണമെന്നും അദ്ദേഹം ചോദിച്ചു.
?ഇടുക്കി, കുട്ടനാട് സീറ്റ് വേണമെന്നും ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റ് വച്ചുമാറണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുകയാണല്ലോ
അവർ തീരുമാനം അറിയിക്കട്ടെ. ഞങ്ങളുടെ തീരുമാനം അപ്പോൾ അറിയിക്കും. പത്തു സീറ്റിന് അർഹതയുണ്ട്. വിട്ടുവീഴ്ചവേണ്ടെന്ന നിലപാടാണ് പാർട്ടിക്കുള്ളത്.
?സീറ്റു വച്ചുമാറുന്നതിനോട് അനുകൂലമാണോ
എല്ലാ സീറ്റിലും ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളുണ്ട്. പിന്നെന്തിന് സീറ്റ് വച്ചുമാറണം. സീറ്രുചർച്ച നടക്കട്ടെ. നിലപാട് അപ്പോൾ പറയും.
?പാർട്ടി ചെയർമാൻ തൊടുപുഴയിൽ മത്സരിക്കുന്നില്ലെന്ന് കേൾക്കുന്നല്ലോ
ചെയർമാൻ പി.ജെ.ജോസഫിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്ത ആരോഗ്യപ്രശ്നങ്ങളില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തോടെ അദ്ദേഹം കൂടുതൽ ഊർജ്ജസ്വലനാണ്.
?പി.ജെയുടെ മകൻ അപു ജോസഫ് മത്സരിക്കുമോ
പാർട്ടിയാണ് തീരുമാനിക്കേണ്ടത്. സ്റ്റേറ്റ് കോ- ഓർഡിനേറ്റർ എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അപുവിന്റേത്
?നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ സാദ്ധ്യത എങ്ങനെ
തിളക്കമാർന്ന വിജയമുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിനേക്കാൾ 200 സീറ്റ് ഞങ്ങൾക്ക് കൂടുതൽ ലഭിച്ചു. മദ്ധ്യകേരളത്തിൽ വലിയ ശക്തി ഞങ്ങളാണെന്ന് തെളിയിച്ചു.
?യു.ഡി.എഫ് ഭരണത്തിലെത്തുമോ
ഇടതുസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലം. ഭരണമാറ്റം ജനം ആഗ്രഹിക്കുന്നു. കർഷകർ റബർ, നെല്ല്, ക്ഷീരമേഖല ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തി. വനം, വന്യജീവി ആക്രമണത്തിനെതിരെ ബില്ല് പാസാക്കിയതല്ലാതെ നടപടിയുണ്ടായില്ല. ജെ.ബി.കോശി റിപ്പോർട്ട് വെളിച്ചം കാണിക്കുന്നില്ല. പട്ടയപ്രശ്നം നിലനിൽക്കുന്നു. ജനകീയ പ്രതിഷേധം കൂടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലം.