വിവരാവകാശ കമ്മിഷണർ: തിരഞ്ഞെടുപ്പ് സമിതിയിൽ പ്രതിപക്ഷ നേതാവില്ല
തിരുവനന്തപുരം: വിവരാവകാശ കമ്മിഷണറായി സി.പി.ഐ പ്രതിനിധി അജയ് കുമാറിനെ ശുപാർശ ചെയ്യാനുള്ള സമിതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒഴിവാക്കിയെന്ന് പരാതി. ആറുമാസം മുമ്പ് അപേക്ഷ ക്ഷണിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സർക്കാർ നിയോഗിക്കുന്ന വിദഗ്ധസമിതി തയ്യാറാക്കുന്ന പാനലിൽ നിന്ന് ഒരു അപേക്ഷകനെ മന്ത്രിസഭയിലേക്ക് ശുപാർശ ചെയ്യേണ്ടത് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട മൂന്ന് അംഗ കമ്മിറ്റിയാണ്. കഴിഞ്ഞമാസം അവസാനം നോട്ടീസ് നൽകിയെങ്കിലും ആ തീയതിയിൽ അസൗകര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നു. പക്ഷേ, പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ യോഗം ചേർന്ന് വിവരാവകാശ കമ്മിഷണറെ നിയമിക്കാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്യുകയായിരുന്നു. മന്ത്രിസഭ അംഗീകരിച്ച തീരുമാനം ഗവർണറുടെ അംഗീകാരത്തിന് ലോക് ഭവനിൽ എത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് നിയമനം നടത്തുന്നതിനാണ് തിരക്കിട്ട് കമ്മിറ്റി വിളിച്ചു ചേർത്തതെന്നാണ് ആക്ഷേപം. ശുപാർശയിൽ സമിതിയിലെ മൂന്നുപേരും ഒപ്പ് വയ്ക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവിന് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ വിയോജിപ്പ് രേഖപെടുത്തുകയാണ് കീഴ്‌വഴക്കം. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി നടത്തിയ ശുപാർശയ്ക്ക് നിയമ സാധുതയില്ലെന്ന് ബോധ്യമുള്ള ചീഫ് സെക്രട്ടറി മന്ത്രിസഭാ തീരുമാനം നേരിട്ട് ഗവർണറുടെ അംഗീകാരത്തിന് അയക്കുകയായിരുന്നെന്നാണ് സൂചന.